പാരമ്പര്യമായി ടൈപ്പ് 1 പ്രമേഹമുള്ള കുടുംബത്തിലെ കുട്ടികൾക്ക് ഒന്നര വയസ്സിന് മുൻപ് കോവിഡ് ബാധിച്ചാൽ പ്രമേഹത്തിനും സാധ്യതയെന്ന് പഠന റിപ്പോർട്ട്. ഇത്തരം കുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നതിനുള്ള സാധ്യത മറ്റു കുട്ടികളേക്കാൾ 5 മുതൽ 10 മടങ്ങ് വരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്ലോബൽ പ്ലാറ്റ്ഫോം ഫോർ ദി പ്രിവൻഷൻ ഓഫ് ഓട്ടോ ഇമ്മ്യുൺ ഡയബെറ്റിസ് എന്ന, ഗവേഷകരുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

2018 നും 2021 നും ഇടയിലായി രോഗം ബാധിക്കുന്നതിന് സാധ്യത ഏറെയുള്ള 850 ൽ അധികം കുട്ടികളെ നിരീക്ഷണ വിധേയമാക്കിയായിരുന്നു പഠനം. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉദ്പാദിപ്പിക്കാത്ത, ജീവിതകാലം മുഴുവൻ നീണ്ടുന്നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് ടൈപ്പ് 1 ഡയബെറ്റിസ്. ശരീരത്തിന്റെ ഊർജ്ജം പരിപാലിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിലും ഏറെ പ്രധാന പങ്ക് വഹിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ.

ഓട്ടോ ആന്റിബോഡികളുടെ രൂപീകരണമാണ് ഈ രോഗത്തിന്റെ ആദ്യപടി. പാൻക്രിയാസിലെ, ഇൻസുലിൻ ഉദ്പാദിപ്പിക്കുന്ന ഐസ്ലെറ്റ് ബീറ്റ കോശങ്ങളെ ഇത് നിർവീര്യമാക്കുന്നു. ഇത്തരത്തിൽ നിർവീര്യമാക്കപ്പെടുന്ന കോശങ്ങളെ ശരീര പ്രതിരോധ സംവിധാനം നശിപ്പിക്കുകയും ചെയ്യും. സാർസ് കോവ്-2 ഉൾപ്പടെയുള്ള വൈറൽ ബാധകളും ടൈപ്പ് 1 പ്രമേഹവും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്ത, നേരത്തെയുള്ള ഒരു പഠനത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഈ പഠനം. എന്നാൽ, കോവിഡിനെ ഐസ്ലെറ്റ് ഓട്ടോ ഇമ്മ്യുണിറ്റിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആദ്യ പഠനമാണിത്.

ഈ പഠനത്തിന്റെ ഭാഗമായി 4 മുതൽ 24 മാസം വരെ പ്രായമുള്ള 855 കുട്ടികളിൽ, ഐസ്ലെറ്റ് ഓട്ടോ ആന്റിബോഡികളുടെയും സാർസ് കോവ്-2 വൈറസിന്റെയും സാന്നിദ്ധ്യം പരിശോധിക്കുകയായിരുന്നു ഗവേഷകർ ചെയ്തത്. ഡ്രെസ്ഡൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രൊഫസർ എസിയോ ബോണിഫാസിയോയുടെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

ഓരോ കുട്ടിയേയും ആദ്യം പ്രൈമറി ഓറൽ ഇൻസുലിൻ ട്രയലിന് വിധേയമാക്കുകയായിരുന്നു. അതിനു ശേഷം അവരുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ട് പഠനം നടത്തി. ഈ പഠനത്തിലാണ് പങ്കെടുത്ത കുട്ടികളിൽ 20 ശതമാനത്തോളം കുട്ടികൾക്ക് കോവിഡിനെതിരെയുള്ള ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയത്. അതായത് അവർ കോവിഡ് ബാധിച്ചവരായിരുന്നു എന്നർത്ഥം.

ഏറെ പ്രധാനപ്പെട്ട കണ്ടുപിടുത്തം, കുട്ടികൾക്ക് 18 മാസം പ്രായമാകുന്നതിന് മുൻപാണ് കോവിഡ് ബാധിച്ചതെങ്കിൽ ഐസ്ലെറ്റ് ആന്റിബോഡികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതായിരുന്നു. ഇവർക്ക് മറ്റു കുട്ടികളേക്കാൾ ഐസ്ലെറ്റ് ആന്റിബോഡികൾ രൂപം കൊള്ളാ 5 മുതൽ 10 മടങ്ങ് വരെ സാധ്യത കൂടുതലാണ്.