വെറും പതിനെട്ട് ദിവസത്തെ ഇടവേളയിൽ രണ്ട് തവണ ഗർഭം ധരിച്ച യുവതി ആധുനിക വൈദ്യശസ്ത്രത്തിന് ഒരു അത്ഭുതമായി മാറിയിരിക്കുന്നു. അതിൽ ഒന്ന് സ്വാഭാവിക ഗർഭധാരണവും മറ്റൊന്ന് കൃത്രിമ വഴിയിലൂടെയുള്ള (ഐ വി എഫ്) ഗർഭധാരണവുമാണ്. കൃത്രിമ വഴിയിലൂടെ ഗർഭധാരണത്തിന് ശ്രമിച്ച സാന്ദ്ര, ഡേവിഡ് സിയൽ ദമ്പതികളാണ് ഇപ്പോൾ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.

40 കാരനായ ഡേവിഡും 36 കാരിയായ സാന്ദ്രയും മൂന്നാം തവണ ഐ വി എഫ് ചികിത്സയ്ക്ക് പോകുമ്പോൾ സാന്ദ്രയുടെ ഉദരത്തിൽ ഒരു ജീവൻ മുളച്ചു വരുന്ന വിവരം അവർക്ക് അറിയില്ലായിരുന്നു. 2022 ആഗസ്റ്റിലായിരുന്നു ഇത് നടന്നത്. സൂപ്പർഫീറ്റേഷൻ എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രതിഭാസമാണ് ഇവിടെ നടന്നത്. ലോക ചരിത്രത്തിൽ തന്നെ ഇത് പത്താം തവണയാണ് ഈ പ്രതിഭാസം രേഖപ്പെടുത്തുന്നത്. ഏപ്രിൽ മാസത്തിൽ അവർ ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും ജന്മം നൽകി.

രണ്ടു കുട്ടികളെ വ്യത്യസ്ത സമയങ്ങളിൽ, ഒരേ ഗർഭപാത്രത്തിൽ ഗർഭം ധരിക്കുന്ന, അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രതിഭാസമാണ് സൂപ്പർഗ്ഫീറ്റേഷൻ എന്നറിയപ്പെടുന്നത്. പിന്നീട് ഈ കുഞ്ഞുങ്ങൾ ഇരട്ട കുട്ടികളായി പിറക്കും. ആസ്ട്രേലിയ, പെർത്തിൽ ജീവിക്കുന്ന ദമ്പതിമാർക്ക് നേരത്തെ കൃത്രിമ ഗർഭധാരണത്തിലൂടെ രണ്ട് കുട്ടികൾ ജനിച്ചിരുന്നു, ഇപ്പോൾ അഞ്ചു വയസ്സുള്ള ജോർജിയയും, മൂന്ന് വയസ്സുള്ള ഫ്രെഡും. മൂന്നാം തവണയും അതിനായി ശ്രമിച്ചപ്പോഴായിരുന്നു രണ്ട് വ്യത്യസ്ത സമയങ്ങളിലായി രണ്ട് ഭ്രൂണങ്ങൾ ഗർഭപാത്രത്തിൽ വളരുന്നത് ഡോക്ടർമാർ കണ്ടത്.

സാന്ദ്രയുടെ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്വാഭാവിക ഗർഭധാരണം സാധ്യമല്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. ഇപ്പോൾ ഇതെങ്ങനെ സംഭവിച്ചു എന്നാണ് സാന്ദ്രയും ഡേവിഡും അത്ഭുതപ്പെടുന്നത്. കൃത്രിമ ഗർഭധാരണത്തിന് മുൻപ് നടത്തിയ രക്ത പരിശോധനകളിലൊന്നും തന്നെ സ്വാഭാവികമായി ഉണ്ടായ ഭ്രൂണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകാത്തത് ശാസ്ത്രലോകത്തെയും ആശ്ചര്യപ്പെടുത്തുന്നു.

ഡേവിഡിന് 2015- ൽ ടെസ്റ്റിക്കുലർ കാൻസർ ഉള്ളതായി കണ്ടെത്തിയിരുന്നു. അതോടൊപ്പം സാന്ദ്രയ്ക്ക് അണ്ഡങ്ങളുടെ അളവ് കുറവാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്വാഭാവികമായ ഗർഭധാരണം സാധ്യമല്ല എന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. സാങ്കേതികമായി, ഇപ്പോൾ ജനിച്ച കുട്ടികൾ ഇരട്ടകളാണെങ്കിലും, ഇരുവരും വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. ഇരുവരും ഗർഭപാത്രത്തിൽ കഴിഞ്ഞ സമയ പരിധി വ്യത്യസ്തമായതിനാലാണിത്. ഇതിൽ പെൺകുട്ടിക്ക് ജനിക്കുമ്പോൾ മൂന്ന് കിലോ തൂക്കമുണ്ടായിരുന്നു. ആൺകുട്ടിയാകട്ടെ രണ്ട് കിലോ തൂക്കം മാത്രം ഉള്ളതും.

പെൺകുട്ടി സ്വാഭാവികമായി പെരുമാറി തുടങ്ങിയപ്പോഴും ആൺകുട്ടി അത് ആരംഭിച്ചിരുന്നില്ല. ആൺകുട്ടിയുടെ വളർച്ച ഒരു മാസം പിന്നിലാണെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഇപ്പോൾ ഇരു കുട്ടികളും അമ്മയും സുഖമായി ഇരിക്കുന്നു എന്ന് പെർത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാൻസർ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഡേവിഡ് തന്റെ ബീജങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതിനാൽ, അവർക്ക് ഇനിയും കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.