രോ ദിവസവും പതിനായിരം അടി നടക്കുക എന്നതാണ് ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന ആരോഗ്യ പരിപാലന മാർഗ്ഗം. എന്നാൽ, ഇതിനേക്കാൾ കാര്യക്ഷമമായ മറ്റൊരു കായിക വ്യായാമം ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് പുതിയ വ്യായാമം ഏറെ പ്രയോജനം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ദിവസേന ഏണിപ്പടിയിലൂടെ അഞ്ച് നിലകൾ കയറിയിറങ്ങിയാൽ ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനും ഉള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

മാത്രമല്ല, പത്തോ അതിൽ കൂടുതലോ നിലകൾ കയറുന്നവർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 4 ലക്ഷത്തോളം ബ്രിട്ടീഷുകാരിൽ ഒരു പതിറ്റാണ്ടായി നടത്തിവന്ന പഠനത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏണിപ്പടികൾ കയറുന്നത്, സ്‌കിപ്പിങ്, എയ്റോബിക്സ് തുടങ്ങിയ തീവ്രത കൂടിയ വ്യായാമങ്ങളുടെ ഫലം നൽകും എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

ഇത്തരത്തിലുള്ള വ്യായാമങ്ങൾക്കുള്ള മറ്റ് ഉദാഹരണങ്ങൾ ഓട്ടം, നീന്തൽ, അതിവേഗമുള്ള സൈക്ലിങ് എന്നിവയാണ്. ഏകദേശം പന്ത്രണ്ടര വർഷക്കാലത്തോളം ബ്രിട്ടനിലെ 4,58,860 പേരുടെ ആരോഗ്യം നിരീക്ഷിച്ചു കൊണ്ടായിരുന്നു ടുലേൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്. പഠനം ആരംഭിക്കുമ്പോഴും പിന്നീട് അഞ്ച് വർഷത്തിന് ശേഷവും ഇതിൽ പങ്കെടുത്തവരോട് ഒരു ദിവസം എത്ര നിലവരെ ഏണിപ്പടികളിലൂടെ കയറുമെന്ന് ചോദിച്ചിരുന്നു.

ഈ പഠനത്തിനിടയിൽ, 39,043 പേർക്ക് ആർതെറോസ്‌ക്ലിറോസിസ് പിടിപെട്ടു. രക്തധമനികൾ ചുരുങ്ങുന്നതും അതുവഴി രക്തചംക്രമണം ക്ലേശകരമാകുന്നതുമായ ഒരു അവസ്ഥയാണിത്. വിശദമായ പഠനത്തിൽ കണ്ടെത്തിയത്. പ്രതിദിനം ഒന്ന് മുതൽ അഞ്ച് നിലവരെ ഏണിപ്പടികൾ ഉപയോഗിച്ച് കയറുന്നവരിൽ, ആർതെറോസ്‌ക്ലിറോസിസ് വരാനുള്ള സാധ്യത,. അത്തരത്തിൽ ചെയ്യാത്തവരേക്കാൾ 3 ശതമാനം കുറവാണ് എന്നായിരുന്നു. അതേസമയം, ആറ് നില വരെ കയറിയവരിൽ സാധ്യത 16 ശതമാനം വരെ കുറവായിരുന്നു.

ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കാവുന്ന രോഗമാണ് ആർതെറോസ്‌ക്ലിറോസിസ്. പ്രതിദിനം അഞ്ചോ അതിൽ അധികമോ നില കയറുന്നവർക്ക്- ശരാശരി 50 പടികൾ ഈ രോഗം വരാനുള്ള സാധ്യത കുറവാണ് എന്നാണ്. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ പോലും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്‌സഹായിക്കും എന്നാണ് ഈ കണ്ടെത്തൽ തെളിയിക്കുന്നത്.