വികസിത രാജ്യങ്ങളിലെ കാൻസർ അതിജീവന നിരക്കിൽ യു കെ ഏറെ പിന്നിലാണെന്ന് റിപ്പോർട്ട്. ഏറ്റവും ഗുരുതരമയ കാൻസർ ബാധിച്ചവരിൽ 16 ശതമാനം പേർ മാത്രമാണ് അഞ്ചു വർഷത്തിലേറെ കാലം ജീവിക്കുന്നതെന്ന്‌റിപ്പോർട്ടിൽ പറയുന്നു. ലെസ്സ് സർവൈവബിൾ കാൻസർ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തിൽ കണ്ടത് കരൾ, മസ്തിഷ്‌കം, ഈസൊഫാഗൽ പാൻക്രിയാറ്റിക്, ആമാശയം കാൻസറുകളാണ് അതിജീവന നിരക്കി എറ്റവും പുറകിലെന്നും കണ്ടെത്തി.

ആമാശയ അർബുദത്തിന്റെ കാര്യത്തിലും കരൾ അർബുദത്തിന്റെ കാര്യത്തിലും 34 രാജ്യങ്ങളിൽ 28-ാം സ്ഥാനമാണ് അതിജീവന നിരക്കിൽ ബ്രിട്ടനുള്ളത്. മാൻക്രിയാറ്റിക് കാൻസറിന്റെ കാര്യത്തിൽ26-ാം സ്ഥാനവും മസ്തിഷ്‌ക കാൻസറിന്റെ അതിജീവന നിരക്കിൽ 25-ാം സ്ഥാനവും നേടിയ ബ്രിട്ടൻ കരൾ കാൻസറിൽ 21-ാം സ്ഥനത്തും ഈസോഫഗൽ കാൻസർ അതിജീവനത്തിൽ 16-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

കൊറിയ, ബെൽജിയം, അമേരിക്ക എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥനങ്ങളിലെത്തിയ കാൻസർ അതിജീവനലിസ്റ്റിൽ, പൊതുവെ 27-ാം സ്ഥാനത്ത് എത്താൻ മാത്രമാണ് ബ്രിട്ടന് കഴിഞ്ഞത്. ഓരോ വർഷവും 90,000 പേരിൽ കാൻസർ സ്ഥിരീകരിക്കപ്പെടുമ്പോൾ അതിൽ അഞ്ചിൽ ഒരാൾ ബ്രിട്ടനിലാണ്. അതിൽ തന്നെ ആറു തരം കാൻസറുകളാണ് കാൻസർ മൂലമുള്ള മരണങ്ങളിൽ പകുതി മരണങ്ങൾക്കും കാരണമാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിജീവിക്കാൻ പ്രയാസമേറിയ കാൻസർ ബാധിച്ചവർ, അതിജീവനത്തിന്റെ നിസ്സാര സാധ്യത പ്രയോജനപ്പെടുത്തി പോരാടുകയാണെന്നാണ് ലെസ് സർവൈവബിൾ കാൻസേഴ്സ് ടാസ്‌ക്ഫോഴ്സ് ചെയർമാൻ അന്ന ജുവൽ പറയുന്നത്. ഈ കാൻസറുകളിലെ അതിജീവന നിരക്കിനെ ലോകത്ത് മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കുന്ന രാജ്യങ്ങളുടെ നിരക്കിനൊപ്പം എത്തിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് പുതുജീവൻ നൽകാൻ കഴിയും എന്നും അവർ പറഞ്ഞു.

പാൻക്രിയാറ്റിക് കാൻസർ ബാധിച്ച പത്തിൽ ഏഴു പേർക്കും ചികിത്സയൊന്നും ലഭിക്കുന്നില്ല എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മാത്രമല്ല, പ്രതിവർഷം ഇത് 10,000 പേരിൽ സ്ഥിരീകരിക്കപ്പെടുന്നുണ്ടെങ്കിലും അവരിൽ 10 ശതമാനം പേർ മാത്രമാണ് ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.