ലണ്ടൻ; കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു കൊണ്ട് ഇഞ്ചക്ഷൻ വഴി വാക്സിൻ. ന്യു കാസിലിലെ ക്ലെയർ മെക്ഹഗ് എന്ന 49 കാരിയാണ് ലോകത്തിൽ ആദ്യമായി ഈ പുതിയ ചികിത്സ ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമായത്. കഴുത്തിൽ വീക്കവും അതുപോലെ ശ്വസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും നേരിട്ടപ്പോൾ നടത്തിയ പരിശോധനയിൽ 2021- ൽ ആയിരുന്നു ഇവർക്ക് ശ്വാസകോശത്തിൽ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്.

കാൻസർ ആണെന്ന് കണ്ടെത്തിയപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ക്ലെയർ പറയുന്നു. ആ സമയത്ത് തന്റെ മകൾ ആദ്യ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പേരക്കുട്ടികൾക്ക് ഒപ്പമുള്ള ജീവിതം സ്വപ്നം കാണുന്ന സമയമായിരുന്നു അതെന്നും അവർ പറഞ്ഞു. തുടർന്ന് ന്യുകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിൽ അവർ കീമോതെറാപ്പിക്ക് വിധേയയായി. അതിനുശേഷം ഇമ്മ്യുണോ തെറാപ്പിക്ക് വിധേയയായി കൊണ്ടിരിക്കുകയായിരുന്നു.

ഇമ്മ്യുണോ തെറാപ്പിയുടെ പ്രക്രിയകൾ ഏറെ അസൗകര്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെയായിരുന്നു ഇവർക്ക് ഒരു ആന്റി-കാൻസർ ഇഞ്ചക്ഷൻ നൽകിയത്. മരുന്ന് ഒരു വാക്സിൻ ആയി, ഇഞ്ചക്ഷൻ വഴി നൽകുമ്പോൾ ഏറെ സമയം ലാഭിക്കാൻ കഴിയുമെന്ന് ഫ്രീമാൻ ഹോസ്പിറ്റൽ വക്താവ് പറയുന്നു. കാന്യുല വഴി മരുന്ന് നൽകുന്ന ഇമ്മ്യുണോ തെറാപ്പിക്ക് സാധാരണയായി 30 മിനിറ്റ് വരെ സമയം എടുക്കും. ഞരമ്പ് കണ്ടെത്താൻ വൈകിയാൽ സമയം ഇനിയും അധികമാകും.

ഇമ്യുണോതെറാപിയിൽ ഉപയോഗിച്ചിരുന്ന അറ്റെസൊലിസുമാബ് എന്ന മരുന്ന് തന്നെയാണ് ഇപ്പോൾ ഇഞ്ചക്ഷൻ ആയി വെറും ഏഴ് മിനിറ്റ് കൊണ്ട് നൽകുന്നത്. പ്രക്രിയ പെട്ടെന്ന് പൂർത്തിയാകുന്നതിനാൽ അസൗകര്യങ്ങളും കുറവാണെന്ന് ക്ലെയർ പറയുന്നു. ഇത്തരത്തിൽ ചികിത്സ ലഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറയുന്നു.