- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ഈ ടെസ്റ്റ് കിറ്റ് ആരോഗ്യ രംഗത്ത് പുത്തൻ മാറ്റം സൃഷ്ടിക്കും
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യം തന്നെയാണ്. അതിൽ ഹൃദയവും ശ്വാസകോശവും കരളുമൊക്കെ ഏറ്റവും ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൊച്ചു കുട്ടികൾക്കു വരെ ഹാർട്ട് അറ്റാക്കുകൾ പതിവാകുന്ന ഈ കാലത്ത് സ്വന്തം ഹൃദയം സുരക്ഷിതമാണോയെന്ന് എല്ലാവർക്കും എളുപ്പത്തിൽ പരിശോധിച്ച് അറിയാനുള്ള ഒരു ഹോം ഹാർട്ട് ടെസ്റ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു ഡയഗ്നോസ്റ്റിക്സ് കമ്പനി. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോക്ഡോക് എന്ന കമ്പനിയാണ് ഹൃദയ പരിശോധനകൾ നടത്തുവാൻ എൻഎച്ച്എസിനെ സഹായിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്.
പരിശോധനയിൽ രോഗികൾക്ക് കൊളസ്ട്രോൾ റീഡിങ്, ബോഡി മാസ് ഇൻഡക്സ് സ്കോർ, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത എന്നിവ ഉൾപ്പെടുന്ന ഫലമാണ് ലഭിക്കുക. മാത്രമല്ല, ഓരോ ഡിജിറ്റൽ ആരോഗ്യ പരിശോധനയും ഡോക്ടർമാരുടെ 20 മിനിറ്റ് സേവ് ചെയ്യുമെന്നും ഇത് ആയിരക്കണക്കിന് ജിപി അപ്പോയിന്റ്മെന്റുകൾ കുറയ്ക്കുമെന്നും എൻഎച്ച്എസ് പറഞ്ഞു. യുകെയിലുടനീളം ഡിജിറ്റൽ ആരോഗ്യ പരിശോധനകൾ വ്യാപകമാക്കുവാനാണ് ആലോചന.
ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് നിലവിൽ പ്രതിവർഷം 7.4 ബില്യൺ പൗണ്ടും വിശാലമായ സമ്പദ്വ്യവസ്ഥയിൽ ഏതാണ്ട് 15.8 ബില്യൺ പൗണ്ടുമാണ് ചെലവാക്കുന്നത്. കഴിഞ്ഞ വർഷം സർക്കാർ ഒരു ഡിജിറ്റൽ ഹെൽത്ത് ചെക്ക് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. നിലവിൽ നടത്തുന്ന മുഖാമുഖ പരിശോധനകൾക്ക് പുറമേ, നാല് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം ടെസ്റ്റുകൾ നൽകുന്നത് രൂപകൽപ്പന ചെയ്തുള്ളതാണ് ഈ ഡിജിറ്റൽ ഹെൽത്ത് ചെക്ക് പ്രോഗ്രാം.
എൻഎച്ച്എസ് ഹെൽത്ത് ചെക്ക് ആപ്പുമായി സംയോജിപ്പിച്ച ആദ്യ ടെസ്റ്റാണ് പോക്ഡോക് വികസിപ്പിച്ച കിറ്റ്. ഇത് രോഗികൾക്ക് വീട്ടിലിരുന്ന് പരിശോധനകൾ നടത്താനും ഏകദേശം ഒമ്പത് മിനിറ്റിനുള്ളിൽ ഫലങ്ങൾ എൻഎച്ച്എസുമായി പങ്കിടാനും സഹായിക്കും. കേംബ്രിഡ്ജ്, പീറ്റർബറോ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ ഫാർമസികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ഇതിനകം തന്നെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, 40 വയസ്സിനു മുകളിലുള്ളവർ, അമിതഭാരമുള്ളവർ, ജിപി അപ്പോയിന്റ്മെന്റുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ എന്നിങ്ങനെയുള്ളവരിലാണ് കിറ്റ് ഏറ്റവുമധികം വിജയമായതെന്ന് പോക്ഡോക് പറഞ്ഞു.
'എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ കുടുംബത്തിൽ വിനാശകരമായ ആഘാതം സൃഷ്ടിച്ച ഹൃദയ സംബന്ധമായ അസുഖം കാരണം എന്റെ അച്ഛന് വലിയ സ്ട്രോക്ക് ഉണ്ടായത്. അതിനാൽ എനിക്ക് എല്ലായ്പ്പോഴും രോഗ മേഖലയോട് അങ്ങേയറ്റം താൽപ്പര്യമുണ്ടായിരുന്നു'. എന്ന് പോക്ഡോകിന്റെ സഹസ്ഥാപകനായ സ്റ്റീവ് റോസ്റ്റ് പറഞ്ഞു. ഈ ടെസ്റ്റ് ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം എൻഎചച്ച്എസിന് 0.5 ബില്യൺ ലാഭിക്കാമെന്നും 'എനിക്ക് 14 വയസ്സുള്ളപ്പോൾ ഞങ്ങൾ കടന്നുപോയ തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും അനേകം കുടുംബങ്ങളെ രക്ഷിക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.