- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊതുകുകൾക്ക് പ്രിയപ്പെട്ടതും ഇഷ്ടമില്ലാത്തവയുമായ ശരീരങ്ങൾ ഇവയൊക്കെ
ലണ്ടൻ: വർണ്ണ വിവേചനവും, ജാതി വിവേചനവും, ലിംഗ വിവേചനവുമൊക്കെ ചർച്ചയാകുന്ന കാലത്ത് പുറത്തു വരുന്ന ഒരു പഠന റിപ്പോർട്ട് പറയുന്നത് വിവേചനം മനുഷ്യരിൽ മാത്രമല്ല, കൊതുകുകളിലുമുണ്ടെന്നാണ്. സുഹൃത്തുക്കളുമൊത്തോ, പങ്കാളിയുമൊത്തോ ഒക്കെ രാത്രികാലങ്ങൾ ചെലവഴിക്കുമ്പോൾ, അതിൽ ചിലരെ മാത്രം കൊതുകുകൾ ആക്രമിക്കുന്നതായും, മറ്റു ചിലരെ വെറുതെ വിടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. കൊതുകു കടിയുടെ വേദനയും ചുവന്ന പാടുകളും മാത്രമല്ല, ഡെങ്കി പനി പോലുള്ള നിരവധി രോഗങ്ങൾ പരത്തുന്ന ഒരു രോഗകാരികൂടിയാണ് ഈ കൊതുകുകൾ എന്നതോർക്കുമ്പോഴാണ് കൊതുകുകടിയെ കുറിച്ചുള്ള ആശങ്ക ശക്തമാകുന്നതും.
തന്റെ ഇരയെ കൊതുക് കണ്ടെത്തുന്നത് ഗന്ധത്തിലൂടെയാണെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനായി കൊതുക് പ്രധാനമായും ആശ്രയിക്കുന്നത് ഉച്ഛ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിനെയും. കാർബൺ ഡൈ ഓക്സൈഡിന്റെ അളവും കൊതുകിനെ ആകർഷിക്കുന്ന ഒരു ഘടകമാണ്. വലിയ ശരീരത്തിനുടമയാണ് നിങ്ങൾ എങ്കിൽ, സ്വാഭാവികമായും നിങ്ങൾ കൂടുതൽ വായു ശ്വസിക്കും. അതിന്റെ ഫലമായി അധിക അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടും ഇതുകൊതുകിനെ നിങ്ങളിലേക്ക് ആകർഷിക്കും.
ഈ തത്വം യഥാർത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ പുരുഷന്മാർക്കാണ് സ്ത്രീകളേക്കാൾ കൂടുതൽ കൊതുകുകടി കൊള്ളുന്നത് എന്നർത്ഥം. കൊതുകിന്റെ ലിംഗ വിവേചനം. മാത്രമല്ല, ഗർഭിണികളായ സ്ത്രീകളെ മറ്റു സ്ത്രീകളേക്കാൾ കൂടുതലായി കൊതുകുകൾ ആക്രമിക്കും. അതുപോലെ കുട്ടികളേക്കാൾ ഏറെ കൊതുകുകടി കൊള്ളുന്നത് മുതിർന്നവർ ആയിരിക്കും. കാർബൺ ഡൈ ഓക്സൈഡ് കൂടുതലായി പുറത്തു വിടുന്നു എന്ന കാരണം കൊണ്ടു തന്നെ, വണ്ണം കൂടുതലുള്ളവർക്ക് കൊതുകുകടിയും കൂടുതലായി കിട്ടുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ധൻ ഡോക്ടർ റോബർട്ട് ജോൺസ് പറയുന്നു.
അതുപോലെ ഒരോ മനുഷ്യ ശരീരത്തിനും സ്വായത്തമായി ഉള്ള ഗന്ധവും കൊതുകുകളെ ആകർഷിക്കുകയോ വികർഷിക്കുകയോ ചെയ്യും. ഓരോ വ്യക്തിയുടെയും ജനിതക ഘടനയും, ത്വക്കിലുള്ള ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളുമാണ് ശരീര ഗന്ധത്തിന് കാരണമാകുന്നത്. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഇതിൽ ചില ഗന്ധങ്ങൾ കൊതുകുകളെ ആകർഷിക്കുമ്പോൾ മറ്റു ചിലവ അവയെ ആട്ടിയോടിക്കും. ഗന്ധത്തിന്റെ ഏതൊക്കെ ചേരുവകളാണ് കൊതുകുകളെ ആകർഷിക്കുന്നത് എന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
അതുപോലെ വർണ്ണ വിവേചനത്തിന്റെ കാര്യത്തിലും കൊതുകുകൾ മുൻപന്തിയിലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിനും കൊതുകുകളെ ആകർഷിക്കുന്നതിൽ നിർണ്ണായക സ്വാധീനമുണ്ട്. ചുവപ്പ്, ഓറഞ്ച്, കറുപ്പ്, സിയാൻ വർണ്ണങ്ങൾ കൊതുകുകളെ അതിയായി ആകർഷിക്കുമ്പോൾ, പച്ച, നീല, പർപ്പിൾ നിറങ്ങൾ അവർക്ക് തീരെ ആകർഷണീയമല്ല. അതേസമയം, രക്തത്തിന്റെ രുചി അറിഞ്ഞാണ് കൊതുകുകൾ കൂടെക്കൂടെ ഒരാളെ ആക്രമിക്കുന്നതെന്ന് ഒരു പൊതുബോധം നിലനിൽക്കുന്നുണ്ടെങ്കിലും അത് ഇതുവരെ തെളിയിക്കാനായിട്ടില്ല.
ഭക്ഷണ കാര്യത്തിലും കൊതുകുകൾക്ക് വിവേചനമുണ്ട്. വെളുത്തുള്ളി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വെളുത്തുള്ളിയുടെ രൂക്ഷഗന്ധം കൊതുകുകളെ ആട്ടിപ്പായിക്കുമത്രെ. എന്നാൽ, ഉപ്പും മധുരവുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊതുകുകളെ ആകർഷിക്കും.