വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ഘടകമാണ്. പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാൻ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്. അതിനാലാണ് വെള്ളം നന്നായി കുടിക്കണമെന്ന് പറയുന്നത്. ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സംരക്ഷിക്കാനും ശുദ്ധജലം നന്നായി കുടിക്കുന്നത് നല്ലതാണ്.എന്നാൽ, അമിതമായാൽ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. കുങ്ഫു ഇതിഹാസം ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചിട്ടാകാം മരിച്ചതെന്ന് കഴിഞ്ഞാഴ്ച ഡോക്ടർമാർ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, പ്രതിദിനം ആവശ്യമെന്ന് പറയുന്ന എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് നമ്മുടെ യഥാർത്ഥ ആവശ്യങ്ങളെക്കാൾ വളരെ കൂടുതലായിരിക്കും.നമുക്ക് പ്രതിദിനം 1.3 മുതൽ 1.8 ലിറ്റർ വരെ മാത്രമേ ആവശ്യമുള്ളൂ.നമ്മുടെ ദിവസേന കഴിക്കുന്ന വെള്ളത്തിന്റെ പകുതിയോളം ഭക്ഷണത്തിൽ നിന്നാണ് വരുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

ആദ്യകാലങ്ങളിൽ വളരെ ചുരുങ്ങിയ ആളുൾക്കിടയിലാണ് പഠനം നടത്തിയിരുന്നത്.എന്നാൽ ഇത്തവണ 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള എട്ട് ദിവസത്തിനും 96 വയസിനും ഇടയിൽ പ്രായമുള്ള 5,604 ആളുകളിൽ അവർ സർവേ നടത്തുകയായിരുന്നു.മനുഷ്യശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്നതും പൂർണ്ണമായും നിരുപദ്രവകരവുമായ ഡ്യൂറ്റീരിയം മൂലകത്താൽ സമ്പുഷ്ടമാക്കിയ അളവിലുള്ള വെള്ളം സർവ്വെയിൽ പങ്കെടുത്ത ആളുകൾ കുടിച്ചു.പിന്നാലെ ശരീരത്തിൽ നിന്ന് ഡ്യൂട്ടീരിയം അപ്രത്യക്ഷമായതിന്റെ നിരക്ക് അളന്നു.ഇത്തരത്തിലാണ് വെള്ളത്തിന്റെ ആവശ്യകതെയെക്കുറിച്ച് ധാരണയിലെത്തിയത്.

സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിലും ഉയർന്ന ഉയരത്തിലും താമസിക്കുന്നവർക്കും കായികതാരങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കൂടുതൽ വെള്ളം ആവശ്യമാണെന്ന് വെളിപ്പെടുത്തി.20 വയസ് പ്രായമുള്ള ഒരു പുരുഷന് പ്രതിദിനം ശരാശരി 4.2 ലിറ്റർ ജലം ആവശ്യമുണ്ടെങ്കിലും അയാൾക്ക് പ്രതിദിനം 4.2 ലിറ്റർ വെള്ളം കുടിക്കേണ്ട ആവശ്യമില്ലെന്ന് അബർഡീൻ സർവകലാശാലയിലെ എഴുത്തുകാരിൽ ഒരാളായ പ്രൊഫസർ ജോൺ സ്പീക്ക്മാൻ പറഞ്ഞു.

പ്രതിദിനം 3.6 ലിറ്ററാണ് യഥാർത്ഥത്തിൽ ആവശ്യമായ വെള്ളം.മിക്ക ഭക്ഷണങ്ങളിലും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ഭക്ഷണം കഴിക്കുന്നതിലൂടെ തന്നെ ഗണ്യമായ അളവിൽ വെള്ളം ലഭിക്കും.'നമ്മൾ എല്ലാവരും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന പൊതുവായ നിർദ്ദേശം മിക്ക സാഹചര്യങ്ങളിലും മിക്ക ആളുകൾക്കും വളരെ ഉയർന്ന അളവാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

ഒരു സാധാരണ മധ്യവയസ്‌കൻ പ്രതിദിനം 1.6 മുതൽ 1.8 ലിറ്ററും അതേ പ്രായത്തിലുള്ള ഒരു സാധാരണ സ്ത്രീ 1.3 മുതൽ 1.4 ലിറ്ററും വരെ കുടിക്കേണ്ടിവരുമെന്നുമാണ് പഠനം സുചിപ്പിക്കുന്നത്. എന്നാൽ എൺപത് വയസ്സിലുള്ള ആളുകൾക്ക് ഇത് പ്രതിദിനം 1.1 ലിറ്ററായി കുറഞ്ഞേക്കാം.പക്ഷെ അത് അവർ ഏത് തരത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, അവർ ധാരാളം സൂപ്പ് കുടിക്കുകയാണെങ്കിൽ, അവർ കുറച്ച് കുടിച്ചാൽ മതിയാകും.

ചായ, കാപ്പി, പാനീയങ്ങൾ, പഴച്ചാറുകൾ എന്നിവയും ദൈനംദിന വെള്ളത്തിന്റെ കാര്യത്തിൽ കണക്കാക്കുന്നുണ്ട്.പക്ഷെ അവയിൽ ആരോഗ്യകരമല്ലാത്ത മറ്റ് കാര്യങ്ങളും ഉണ്ട്.'പഴയ എട്ട് ഗ്ലാസുകളുടെ കാര്യത്തെ ഉചിതമായ മാർഗ്ഗനിർദ്ദേശമായി ശാസ്ത്രം ഒരിക്കലും പിന്തുണച്ചിട്ടില്ല. കാരണം ഇത് ഭക്ഷണത്തിലുടെ ശരീരത്തിലേക്കെത്തുന്ന ജലത്തിന്റെ അളവും നമ്മൾ കുടിക്കുന്ന ജലത്തിന്റെ ്അളവും തമ്മിലുള്ള കണക്ക് കൃത്യമായി നിജപ്പെടുത്താൻ കഴിയാത്തതിനാലാണ്. അങ്ങിനെ നോക്കുമ്പോൾ ഈ വിഷയത്തെ അധികരിച്ച് നടന്ന പഠനത്തിൽ ഏറ്റവും മികച്ചതാണ് ഈ പഠനമെന്ന് വിസ്‌കോൺസിൻ-മാഡിസൺ സർവകലാശാലയിലെ സഹ-ലേഖകനായ ഡെയ്ൽ ഷോല്ലർ പറഞ്ഞു