- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേച്ചിയുടെ ഗർഭപാത്രം ഇനി അനിയത്തിയുടെ ഉദരത്തിൽ; 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഓക്സ്ഫോർഡിലെ ഡോക്ടർമാർ; ബ്രിട്ടനിലെ ആദ്യ ശസ്ത്രക്രിയ പ്രതീക്ഷയേകുന്നത് പതിനയ്യായിരത്തിലധികം യുവതികൾക്ക്
ഓക്സ്ഫോർഡ്: ബ്രിട്ടനിലെ ആദ്യ ഗർഭപാത്രം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഓക്സ്ഫോർഡിലെ ഡോക്ടർമാർ. 40 വയസുള്ള യുവതിയുടെ ഗർഭപാത്രം 34കാരിയായ സ്വന്തം സഹോദരിയിലേക്കാണ് മാറ്റിവച്ചത്. ചർച്ചിൽ ഹോസ്പിറ്റലിൽ 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ഇരുവരും അതിവേഗം സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. മുപ്പതോളം പേരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
25 വർഷത്തിലധികമായി ഗർഭപാത്രം മാറ്റിവയ്ക്കുന്നതിൽ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കൽ സർജൻ പ്രഫ. റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. പൂർണമായും വികസിക്കാത്ത ഗർഭപാത്രത്തോട് കൂടി ജനിച്ചയാളാണ് 34കാരിയായ അനുജത്തി. ഓവറികൾ പൂർണ ആരോഗ്യമുള്ളവയും ആയിരുന്നു. അതിനാൽ ശസ്ത്രക്രിയയ്ക്കു മുൻപേ തന്നെ എട്ടു എംബ്രിയോകൾ യുവതിയും ഭർത്താവും ഒരു കുഞ്ഞിനായി ശേഖരിച്ചുവെച്ചിരുന്നു. ഗർഭപാത്രം മാറ്റിവച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ യുവതിക്ക് ആദ്യത്തെ മാസമുറ ഉണ്ടാവുകയും ചെയ്തു. ഇനി ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതി.
ഗർഭധാരണത്തിന് മുമ്പ് നിരവധി മരുന്നുകൾ കഴിക്കേണ്ടതുണ്ട്. ഇപ്പോൾ ഒരു കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളാണ് മരുന്നുകളിലൂടെ ചെയ്യുന്നത്. ഈ മരുന്നുകൾ പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ പരമാവധി രണ്ട് ഗർഭധാരണങ്ങൾക്കു ശേഷം ഗർഭപാത്രം നീക്കം ചെയ്യുവാനാണ് തീരുമാനം. അതേസമയം, അനിയത്തിക്ക് ഗർഭപാത്രം ദാനം ചെയ്ത യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഇരുവരും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരായതിനാലാണ് അവരുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിടാത്തത്. ഏതാണ്ട് 25,000 പൗണ്ടാണ് ഗർഭപാത്രം മാറ്റിവെയ്ക്കലിന് ചെലവായത്.
ബ്രിട്ടനിൽ പതിനയ്യായിരത്തിലധികം യുവതികളാണ് ഗർഭപാത്രത്തിന്റെ തകരാറുകൾ മൂലമോ അഭാവം മൂലമോ കുഞ്ഞുങ്ങളില്ലാതെ കഴിയുന്നത്. ഇവർക്കെല്ലാം ആശ്വാസം നൽകുന്നതാണ് ഓക്സ്ഫോഡിലെ ഈ ഡോക്ടർമാരുടെ വിജയകഥ. 2014ൽ സ്വീഡനിലാണ് ലോകത്ത് ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതിനുശേഷം ലോകത്താകമാനം സമാനമായ നൂറോളം ശസ്ത്രക്രിയകൾ നടന്നു. ടർക്കി, ഇന്ത്യ, ബ്രിസീൽ, ചൈന, ചെക്ക്- റിപ്പബ്ലിക്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും ഇതിനു മുമ്പ് സമാനമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. 2015ലാണ് ഇത്തരം ശസ്ത്രക്രിയയ്ക്ക് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയത്.
മറുനാടന് ഡെസ്ക്