ദി ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണൽ 192 രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിയും അവിടങ്ങളിലെ ഹെൽത്ത്‌കെയർ മേഖലയുടെ അവസ്ഥയും അടിസ്ഥാനമാക്കി റാങ്കിങ് നിർവഹിച്ചിട്ടുണ്ട്. ഇതനുസരിച്ച് രോഗം വന്നാൽ രക്ഷപ്പെടാൻ ഇന്ത്യക്കാരേക്കാൾ സാധ്യത ബംഗ്ലാദേശികളും ശ്രീലങ്കക്കാരും നേപ്പാളികളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകാര്യത്തിൽ അമേരിക്കയും ബ്രിട്ടനും വരെ മോശം സ്ഥിതിയിലാണെന്നും ഇത് സംബന്ധിച്ച ഇൻഡെക്‌സ് വ്യക്തമാക്കുന്നു. ലോകത്തിന്റെ ആരോഗ്യം പരിശോധിച്ചപ്പോൾ ഏറ്റവും നാണം കെട്ടത് അധികം നഴ്‌സുമാർ ഉള്ള ഇന്ത്യയും ഫിലിപ്പീൻസുമാണ്.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെങ്കിലും ആരോഗ്യകാര്യത്തിലും ഹെൽത്ത് കെയറിലും അയൽരാജ്യങ്ങളേക്കാൾ പുറകിലാണ് ഇന്ത്യയെന്ന് ഈ ഇൻഡെക്‌സ് മുന്നറിയിപ്പേകുന്നു. അതായത് ഇക്കാര്യങ്ങളിൽ കഴിഞ്ഞ 25 വർഷങ്ങളായി ഇന്ത്യ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീ ലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളേക്കാൾ പുറകിലാണ്. ഈ രാജ്യങ്ങളുടെ ഹെൽത്ത് കെയർ മേഖലയിലുള്ള 1990നും 2015നും ഇടയിലുള്ള 25 വർഷക്കാലത്തെ പ്രകടനം വിലയിരുത്തിയാണീ ഇൻഡെക്‌സ് തയ്യാറാക്കിയിരിക്കുന്നത്.

32 രോഗങ്ങൾ കാരണമുണ്ടാകുന്ന മരണനിരക്കും ഇതിന്റെ ഭാഗമായി വിലയിരുത്തിയിരുന്നു.കാര്യക്ഷമമായ മെഡിക്കൽ കെയർ ലഭിച്ചാൽ ഒഴിവാക്കാവുന്ന മരണങ്ങളാണിവ. ഇന്ത്യ സാമൂഹികവും സാമ്പത്തികവുമായി വളരെയേറെ വളർച്ച പ്രാപിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഹെൽത്ത് കെയർ ഡിപ്പാർട്ട്‌മെന്റിൽ അതിനനുസൃതമായ നേട്ടങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ഈ ഇൻഡെക്‌സ് മുന്നറിയിപ്പേകുന്നത്. ഇതനുസരിച്ച് ഈ ഇൻഡെക്‌സിലെ ഇന്ത്യയുടെ സ്‌കോർ 1990ൽ 30.7 ആയിരുന്നു. എന്നാൽ 2015ൽ അത് 44.8 ആയി മെച്ചപ്പെട്ടിട്ടുണ്ട്. അതായത് ഇക്കാലത്തിനിടെ 14.1 സ്‌കോർ വർധനവുണ്ടായിരിക്കുന്നു. എന്നാൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളുടെ ഇക്കാര്യത്തിലുള്ള സ്‌കോർ വർധന വിലയിരുത്തുമ്പോഴാണ് ഇന്ത്യ ഇക്കാര്യത്തിൽ എത്ര പുറകിലാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നത്.

നവജാത ശിശുക്കൾക്കുണ്ടാകുന്നതും പ്രതിരോധിക്കാൻ സാധിക്കുന്നതുമായ രോഗങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ തടയുന്നതിൽ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ഇൻഡെക്‌സിലെ സ്ഥാനം വെറും 14 മാത്രമാണ്. റൂമാറ്റിക് ഹൃദ്രോഗങ്ങളെ നേരിടുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ഇൻഡെക്‌സിലുള്ള സ്ഥാനം 25ഉം ടിബി ഇൻഡെക്‌സിൽ 26ഉം വൃക്കരോഗങ്ങളിൽ 20ഉം ഡയബെറ്റിസിൽ 38ഉം ആണ് സ്ഥാനം. സാർക് രാജ്യങ്ങളിൽ ഈ ഇൻഡെക്‌സിൽ ഇന്ത്യയേക്കാൾ താഴെ നിലകൊള്ളുന്നത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ്.

ഈ ഇൻഡെക്‌സിൽ യുകെയുടെ റാങ്ക് 30 ആണ്. ജർമനി, അയർലണ്ട്, സ്‌പെയിൻ, സ്ലോവേനിയ , ഇറ്റലി എന്നിവയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളേക്കാൾ പുറകിലാണ് ഇക്കാര്യത്തിൽ യുകെയുടെ സ്ഥാനം.ഇക്കാര്യത്തിൽ 100 ൽ 84.6 സ്‌കോർ മാത്രമേ യുകെയ്ക്കുള്ളൂ. ഇക്കാര്യത്തിൽ സൈപ്രസ്, ഖത്തർ, മാൽട്ട, പോർട്ടുഗൽ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയവക്കൊപ്പമാണ് യുകെയുടെ സ്ഥാനം. കൂടാതെ കാൻസർ കെയറിലും യുകെയുടെ സ്ഥാനം വളരെ പുറകിലാണ്. ഈ ഇൻഡെക്‌സിൽ 94.6 സ്‌കോറുമായി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ചെറിയ രാജ്യമായ അൻഡോറയാണ്.

ഇൻഡെക്‌സിൽ ഏറ്റവും കുറഞ്ഞ സ്‌കോറായ 29 നേടി അവസാന റാങ്കിലെത്തിയിരിക്കുന്നത് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ്. 25 വർഷങ്ങളിലെ മരണനിരക്ക് കണക്കാക്കിയാണ് ഈ ഇൻഡെക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഹെൽത്ത്‌കെയർ ആക്‌സസ് ആൻഡ് ക്വാളിറ്റി (എച്ച്എക്യു)ഇൻഡെക്‌സ് എന്നാണിത് അറിയപ്പെടുന്നത്. ആഗോളതലത്തിൽ ഹെൽത്ത് കെയറിന്റെ ഗുണമേന്മ 1990ലെ 40.7 സ്‌കോറിൽ നിന്നും 2015ലെ 53.7 സ്‌കോറിലേക്ക് വർധിച്ചുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുകെയുടെ സ്‌കോർ 1990ലെ 74.3ൽ നിന്നാണ് ഇന്നത്തെ സ്‌കോറായ 84.6ലെത്തിയിരിക്കുന്നത്. 100ൽ 81 സ്‌കോർ മാത്രമുള്ള യുഎസ്എയുടെ റാങ്ക് യുകെയേക്കാൾ പുറകിൽ 35 ആണ്. ഐസ്ലാൻഡ്, സ്വിറ്റ്‌സർലാന്റ്, സ്വീഡൻ, നോർവേ, ഓസ്‌ട്രേലിയ, ഫിൻലാന്റ്, സ്‌പെയിൻ, നെതർലാന്റ്‌സ്, ലക്‌സംബർഗ് എന്നിവയാണ് അൻഡോറയ്ക്ക് പുറമെ ഇൻഡെക്‌സിൽ വരുന്ന ടോപ്പ് ടെൺ രാജ്യങ്ങൾ. യുകെയും യുഎസും ഇവയേക്കാൾ ഹെൽത്ത്‌കെയർമേഖലയിൽ വളരെ പുറകിലാണെന്നും ഇതിലൂടെ വ്യക്തമാകുന്നു.