മസ്‌ക്കറ്റ്: രാജ്യത്തെ താപനില ക്രമാതീതമായി വർധിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം. ചിലയിടങ്ങളിൽ താപനില 44 ഡിഗ്രിയിലേക്ക് ഉയർന്നതോടെ രാജ്യത്ത് ചുടുകാറ്റിന് സാധ്യതയേറെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കി.

മസ്‌കത്തിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിനെ തുടർന്ന് നിർമ്മാണ തൊഴിലാളികളും മറ്റും ബുദ്ധിമുട്ടിലാണ്. കനത്ത ചൂട് തൊഴിലാളികളുടെ ഉൽപാദനക്ഷമതയെ ബാധിച്ചതായി നിർമ്മാണ കമ്പനി പ്രതിനിധികൾ പറയുന്നു.

ചൂട് കനത്തത് കണക്കിലെടുത്ത് മധ്യാഹ്ന വിശ്രമം നേരത്തേ പ്രഖ്യാപിക്കണമെന്ന് ട്രേഡ് യൂനിയനുകൾ അഭ്യർത്ഥിച്ചിരുന്നെങ്കിലും നിയമപ്രകാരം ജൂൺ ഒന്നിന് മാത്രമേ മധ്യാഹ്ന വിശ്രമം ആരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചിരുന്നു.

സുവൈഖ്, ഫഹൂദ്, ഖുറിയാത്ത്, ബിദ്ബിദ്, ഖസബ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. മെയ്‌ മാസത്തിൽ ചൂടുകനക്കുമെന്ന് മാർച്ചിൽ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.

അതേസമയം താപനില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം കുറയ്ക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പട്ടു. കായികാഭ്യാസങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും കൂടുതലായിരിക്കും.
ഇത് മനുഷ്യശരീരത്തിന് ദോഷകരമാണ്. കുട്ടികളെയും പ്രായമുള്ളവരെയും കൂടുതൽ ശ്രദ്ധിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. അമിതമായ വിയർപ്പ്, തളർച്ച, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനം, തൊലിയിൽ നിറംമാറ്റം, ഉയർന്ന ശരീരതാപനില തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം.