ജനീവ: അതികഠിനമായി ചൂട് സ്വിറ്റ്‌സർലണ്ടിലെ ജനജീവിതം താറുമാറാക്കുന്ന തരത്തിലേക്ക് വഴിമാറുന്നു. 12 വർഷത്തിലെ  കൊടും ചൂടിൽ വെന്തുരുകുകയാണ് ജനം. ചൂടിനെ നേരിടാൻ മതിയായ കൂളിങ് സംവിധാനം ഇല്ലാത്തതിന്റെ പേരിൽ ജനീവയിലെ ഏഴ് പബ്ലിക് ലൈബ്രറികൾ താത്ക്കാലികമായി പൂട്ടുകയും ചെയ്തു.

പുറത്ത് ചൂട് അധികമാകുമ്പോൾ സാധാരണയായി പൊതുജനങ്ങൾ താത്ക്കാലികമായി രക്ഷനേടാൻ അഭയം പ്രാപിക്കുന്ന ഇടമാണ് പബ്ലിക് ലൈബ്രറികൾ. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ മുനിസിപ്പൽ ലൈബ്രറികളിൽ കയറി അല്പനേരം തണുപ്പ് കൊള്ളാമെന്നു വച്ചാൽ അതു സാധിക്കില്ല. മതിയായ കൂളിങ് സംവിധാനം നിലനിർത്താൻ സാധിക്കാത്തതിനാൽ ലൈബ്രറികളിൽ കയറാൻ പോലും ഇപ്പോൾ സാധ്യമല്ല.

പുറത്ത് 32 ഡിഗ്രി മുതൽ 37 ഡിഗ്രി വരെ ചൂട് ഉയർന്ന സാഹചര്യത്തിലാണ് ലൈബ്രറിയിൽ മതിയായ തോതിൽ എയർ കണ്ടീഷനിങ് ഇല്ലാത്തതിനെ തുടർന്ന് ഏഴു പബ്ലിക് ലൈബ്രറികൾ താത്ക്കാലികമായി അടച്ചിട്ടത്. ചൊവ്വാഴ്ച ജനീവയിൽ പൊതുവേ താപനില 37 ഡിഗ്രിയായി ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രമായ മെറ്റിയോ സ്വിസ് വ്യക്തമാക്കുന്നു.

പകൽ ഉയർന്ന ചൂടിനെ നേരിടാൻ എയർ കണ്ടീഷനിങ് ഇല്ലെന്നു പറയുമ്പോൾ രാത്രിയിൽ ജനാലകൾ തുറന്ന് ചൂട് കുറയ്ക്കാൻ സാധിക്കാത്ത സാഹചര്യവുമാണിവിടെ. സുരക്ഷാ കാരണങ്ങളാൽ രാത്രികാലങ്ങളിൽ ജനാലകൾ തുറക്കാൻ സാധിക്കില്ലെന്നാണ് ലൈബ്രറി അധികൃതർ പറയുന്നത്. ലൈബ്രറി ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ആരോഗ്യം കണക്കിലെടുത്താണ് ലൈബ്രറികൾ അടച്ചിടാൻ തീരുമാനിച്ചതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ചൂടിനെ വെല്ലാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജനീവ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഹിസ്റ്ററിയും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അടച്ചിട്ടിരുന്നു. മ്യൂസിയത്തിനുള്ളിലെ ചില മുറികളിൽ താപനില 34 ഡിഗ്രിയോളം ഉയർന്നിരുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച വരെ കഠിന ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. അതിനു ശേഷം ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.