വിയന്ന: ഏതാനും ദിവസങ്ങളായി അല്പം തണുത്തിരിക്കുന്ന കാലാവസ്ഥ ഉടനെ മാറി മറിയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈയാഴ്ചാവസാനം ചുടുകാറ്റിൽ ചുട്ടുപൊള്ളുമെന്നാണ് റിപ്പോർട്ട്. ഏതാനും ദിവസങ്ങളായി താപനില 32 ഡിഗ്രിയിലും 34 ഡിഗ്രിയിലും നിലനിൽക്കുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ അത് 38 ഡിഗ്രിയായും 39 ഡിഗ്രിയായും ഉയരാൻ സാധ്യതയുണ്ട്.

താപനില നാല്പത് ഡിഗ്രിയോട് അടുക്കുന്നതിനൊപ്പം തന്നെ വീശിയടിക്കുന്ന ചുടുകാറ്റിൽ രാജ്യം പൊള്ളും. അന്തരീക്ഷോഷ്മാവ് വർധിക്കുന്നതിനൊപ്പം കാട്ടുതീയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ പ്രവാചകർ തള്ളിക്കളയുന്നില്ല. പരക്കെ വരൾച്ചയും അനുഭവപ്പെടുന്നതിനാൽ കാട്ടുതീ പടരുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് ചില മേഖലകളിൽ വീശുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത്- ഈസ്റ്റ് ഓസ്ട്രിയയിൽ ശക്തിയായി കാറ്റു വീശുന്നതിനൊപ്പം കനത്ത മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. vorarlberg മുതൽ Tyrol, salzburg തുടങ്ങിയ മേഖലകളിലും അപ്പർ ഓസ്ട്രിയയിലെ ചില ഭാഗങ്ങളിലും ഞായറാഴ്ച വൈകുന്നേരത്തോടെ കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണ് പറയുന്നത്.