ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിൽ വേനൽ കടുത്തതോടെ ജനജീവതം ദുസ്സഹമായി. കഴിഞ്ഞ ദിവസങ്ങളിൽ ചൂട് അസഹനീയമായതിനെ തുടർന്ന ക്വീൻസ് ലാൻഡിലടക്കം നിരവധി സ്ഥലങ്ങളിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. വരുംദിവസങ്ങളിലും ചൂടിന് കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥ അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

മിക്ക പട്ടണങ്ങളിലും അന്തരീക്ഷ ഊഷ്മാവ് ശരാശരി 40 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ റോമ, ലോംഗ്റീച്ച്, ബേർഡ്സ്വില്ല എന്നിവിടങ്ങളിൽ 47 ഡിഗ്രിയിലെത്തി. പടിഞ്ഞാറൻ സിഡ്നിയിലും അന്തരീക്ഷ ഊഷ്മാവ് ഉയർന്നിരുന്നു. ലിവർപൂളിൽ 36 ഉം പെന്റിത്തിൽ 38 ഉം ആയിരുന്നു രാത്രിയിലെ ചൂട്.

ചൂടു കൂടിയ സ്ഥലങ്ങളിൽ വസിക്കുന്നവർ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ടുള്ള വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. സൂര്യാതപത്തിനും സൂര്യാഘാത്തിനുമുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂടു വർധിക്കുമ്പോൾ തലവേദന, ഛർദി, മസിൽ കയറ്റം, തലകറക്കം, ഹൃദയമിടിപ്പ് വർധിക്കൽ തുടങ്ങിയവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാകാം. അതിനാൽ ഇവ അനുഭവപ്പെടുന്നവർ ചികിത്സ തേടേണ്ടതാണ്.