മക്ക: ഹജ്ജ് നിർവഹിക്കാനെത്തിയ 107 പേരുടെ മരണത്തിന് ഇടയാക്കിയ ക്രെയിൻ ദുരന്തത്തിന് കാരണമായത് കനത്ത മഴയും ശക്തമായ കാറ്റുമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴകളിലൊന്നാണ് വെള്ളിയാഴ്ച മക്കയിൽ പെയ്തതെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റും വിശുദ്ധ നഗരത്തെ ഉലച്ചുകളഞ്ഞു.

മക്കയേയും പ്രാന്തപ്രദേശങ്ങളേയും പൂർണമായും തുടച്ചുനീക്കിക്കൊണ്ടാണ് മഴ തിമിർത്തു പെയ്തത്. കനത്ത മഴയ്‌ക്കൊപ്പം മിന്നൽ പ്രളയം കൂടിയായപ്പോൾ ഒട്ടേറെ വാഹനങ്ങളാണ് ഒലിച്ചുപോയത്. ശക്തമായ കാറ്റിനൊപ്പം തന്നെ ഇടിയും മുഴങ്ങുന്നുണ്ടായിരുന്നു. തുടർച്ചയായി പെയ്ത മഴ മൂലം അന്തരീക്ഷ താപനില നന്നേ കുറഞ്ഞു. കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി റോഡിൽ ഗതാഗത സ്തംഭനം സൃഷ്ടിച്ചു. ചില ജില്ലകളിൽ റോഡുകൾ അടച്ചിടേണ്ടി വന്നു. ഇത് ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതിന് ഇടയാക്കി. മഴ ശക്തമായതോടെ റോഡുകളിൽ വാഹനങ്ങൾക്ക് യാത്ര ചെയ്യാനാവാതെ കെട്ടിക്കിടന്നു.

സിവിൽ ഡിഫൻസ്, സെക്യൂരിറ്റി പെട്രോൾ, ട്രാഫിക്ക് പൊലീസ്, റോഡ് സെക്യൂരിറ്റി ഫോഴ്‌സസ്, മുൻസിപ്പൽ വർക്കർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പിന്നീട് റോഡിലെ തടസ്സങ്ങൾ നീക്കി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. മക്ക മുൻസിപ്പാലിറ്റി ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി റോഡിലെ തടസ്സങ്ങൾ നീക്കിയത്. 800ഓളം ഉപകരണങ്ങളാണ് ഇവർ ഇതിനായി ഉപയോഗിച്ചത്.