ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സുഗമമായി നടത്താനുള്ള നടപടികളുമായി മക്ക ഗവർണറേറ്റ്. ഹജ്ജ് നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്നും ഗവർണറേറ്റ് നിയമാവലിയിൽ ചൂണ്ടിക്കാട്ടുന്നു.

ലൈസൻസില്ലാതെ തീർത്ഥാടകരെ വാഹനത്തിൽ കയറ്റിക്കൊണ്ടുവന്നാൽ അവർക്ക് ഒരു ലക്ഷം റിയാൽ പിഴയും രണ്ടു വർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. കൂടാതെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ജയിലിൽ അടയ്ക്കപ്പെടുന്നവർക്ക് ജാമ്യം പോലും നിഷേധിക്കുമെന്നും നിയമാവലിയിൽ പറയുന്നുണ്ട്.  പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തുന്നവർക്കും കനത്ത ശിക്ഷ നൽകും. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ അവരെ നാടുകടത്തുമെന്നും രാജ്യത്തേക്ക് പിന്നെ പത്തു വർഷത്തെക്ക് കടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും ഗവർണറേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

അതുപോലെ തന്നെ വിസാ കാലാവധി കഴിഞ്ഞവർ മക്കയിൽ തങ്ങിയാലും 15,000 റിയാൽ പിഴ നൽകേണ്ടി വരും. ഇവർ നാടുകടത്തലിന് വിധേയരാകുകയും ചെയ്യും. രണ്ടാം തവണയും ഇത്തരത്തിൽ ഓവർ സ്‌റ്റേയ്ക്ക് പിടിക്കപ്പെട്ടാൽ 25,000 റിയാൽ പിഴയും മൂന്നു മാസത്തെ ജയിൽ ശിക്ഷയും നാടുകടത്തലും ഉണ്ടാകും. മൂന്നാം തവണയാണ് പിടിക്കപ്പെടുന്നതെങ്കിൽ 50,000 റിയാൽ പിഴയും ആറു മാസത്തെ ജയിൽ ശിക്ഷയും നാടുകടത്തലും ഇവർക്ക് നേരിടേണ്ടി വരും.

കൂടാതെ ഹജ്ജിനെത്തുന്നവരെ അനധികൃതമായി ജോലിക്കെടുക്കുക, അഭയം നൽകുക, നിയമലംഘനത്തിന് കൂട്ടുനിൽക്കുക എന്നീ കുറ്റങ്ങൾക്ക് 15,000 റിയാൽ പിഴ ഈടാക്കും. വിദേശിയാണ് നിയമലംഘകനെങ്കിൽ പിഴ ശിക്ഷയ്ക്കു പുറമേ നാടുകടത്തലിനും വിധേയനാകും. വ്യക്തികൾ മാത്രമല്ല, കമ്പനികൾക്കും ഇത്തരത്തിൽ ശിക്ഷ നടപടികൾ നേരിടേണ്ടി വരും.