കുവൈറ്റ് സിറ്റി: ഓടുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. കാറുകളിൽ നിന്നും മറ്റും സിഗരറ്റ് കുറ്റി പോലും റോഡിലേക്ക് വലിച്ചെറിഞ്ഞാൽ പിടികൂടി പിഴ ഈടാക്കുന്ന തരത്തിലാണ് പുതിയ നിയമം ഒരുങ്ങുന്നത്.

നിയമലംഘകർ അഞ്ചു മുതൽ 200 ദിനാർ വരെ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ആർ റായി ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. നിയമലംഘനത്തിന്റെ തോത് അനുസരിച്ച് പിഴയുടെ തോതും വർധിക്കും. ഗുരുതരമായി ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരെ പബ്ലിക് പ്രോസിക്യൂഷനും വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.

ഓടുന്ന വാഹനത്തിൽ നിന്ന് മാലിന്യമോ സിഗരറ്റ് കുറ്റികളോ വലിച്ചെറിയുന്നത് 1987ലെ ലോ നം. ഒമ്പതു പ്രകാരം കുറ്റകരമാണെന്നും അഞ്ചു ദിനാർ പിഴയാണ് ഈടാക്കേണ്ടി വരുന്നതെന്നും കുവൈറ്റ് മുനിസിപ്പാലിറ്റി ഹെഡ് ഓഫ് സൈറ്റേഷൻസ് ഡിപ്പാർട്ട്‌മെന്റ് നാസർ അൽ ഗാനിം ചൂണ്ടിക്കാട്ടി. വീഴ്ചവരുത്തുന്നവരുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും കുറ്റപത്രവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ പ്രദർശിപ്പിക്കുമെന്നും അൽ ഗാനിം വെളിപ്പെടുത്തി. തുടർച്ചയായി നിയമം ലംഘിക്കുന്നവർക്കുള്ള പിഴ ശിക്ഷ വർധിപ്പിക്കുമെന്നും മുനിസിപ്പൽ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.