ഡബ്ലിൻ: രാജ്യമെമ്പാടും കനത്ത മൂടൽ മഞ്ഞ് വ്യാപകമായതിനെ തുടർന്ന് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം മെറ്റ് ഐറീൻ രംഗത്തെത്തി. രാജ്യവ്യാപകമായി ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. വാഹനമോടിക്കുന്നവർക്ക് കാഴ്ച മറയ്ക്കുന്ന രീതിയിലാണ് മൂടൽ മഞ്ഞ് വ്യാപകമായിരിക്കുന്നത്. വാഹനവുമായി പുറത്തിറങ്ങുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് മെറ്റ് ഐറീൻ നിർദേശിക്കുന്നുണ്ട്.

കാവൻ, മോണഗൽ, ഡൊണീഗൽ, കോർക്ക്, ലൈംറിക്ക്, ടിപ്പറാറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലും കോണാട്ട്, ലിൻസ്റ്റർ മേഖലകളിലും കനത്ത മൂടൽ മഞ്ഞാണ് ഉണ്ടായിട്ടുള്ളത്. വാഹനങ്ങൾ റോഡുകളിലിറക്കുമ്പോൾ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും വേഗത കുറച്ചു വേണം വാഹനം ഓടിക്കേണ്ടതെന്നുമാണ് നിർദ്ദേശം. പകൽ ശക്തമാകുന്നതോടെ മൂടൽ മഞ്ഞിന്റെ ആധിക്യം കുറയുമെങ്കിലും ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.

പടിഞ്ഞാറു നിന്ന് തെക്കേട്ട് ശക്തമായ കാറ്റുവീശുമെന്നതിനാൽ ഈ ദിശയിൽ മഴ പെയ്‌തേക്കും. സാമാന്യം ശക്തമായ തോതിൽ പെയ്യുന്ന മഴയെ തുടർന്ന് ഇടിമിന്നലിനും സാധ്യതയുണ്ട്. കോണാട്ട്, ലിൻസ്റ്റർ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത കൂടുതൽ. അൽസ്റ്ററിലും മഴയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇവിടെ ആകാശം മേഘാവൃതമായിരിക്കും. മിക്കയിടങ്ങളിലും താപനില പത്തു ഡിഗ്രിയിൽ കൂടില്ല എന്നാണ് പ്രവചനം. രാത്രികാലങ്ങളിൽ ഒന്നു മുതൽ നാലു വരെ ഡിഗ്രിയായിരിക്കും മിക്കയിടങ്ങളിലും അനുഭവപ്പെടുന്ന താപനില.