റോം: സംസ്‌കാര ചടങ്ങു നടക്കുന്നതിനിടെ ശവപ്പെട്ടി നെടുകെ പിളർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സമൂഹം അലറിവിളിച്ചുകൊണ്ട് പുറത്തേക്കു പായുകയായിരുന്നു. മരിച്ചയാളുടെ ഭാരക്കൂടുതലാണ് ശവപ്പെട്ടി നെടുകെ പിളരാൻ ഇടയാക്കിയതെങ്കിലും വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാത്തതിന് ഫ്യൂണറൽ സർവീസിനെതിരേ കേസ് കൊടുക്കുമെന്ന് മരിച്ചയാളുടെ മകൾ വ്യക്തമാക്കി.

മൗറീസിയെ സെബാസ്റ്റ്യനെല്ലി എന്നയാളുടെ സംസ്‌കാര ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായ രംഗങ്ങൾ അരങ്ങേറുന്നത്. വീട്ടിൽ നിന്ന് പള്ളിയിലേക്ക് ശവമഞ്ചം എടുക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ശവപ്പെട്ടി പിളരുകയായിരുന്നു. പിതാവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നു വിമുക്തയാകാതിരുന്ന തന്നെ ഈ സംഭവം കൂടുതൽ അസ്വസ്ഥയാക്കുകയായിരുന്നുവെന്ന് മകൾ ഡെബോറ സെബാസ്റ്റ്യനെല്ലി പറഞ്ഞു. അലറിവിളിച്ച് തെരുവിലേക്ക് ഓടിയ തന്നെ ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നുവെന്നും ഇരുപത്തിമൂന്നുകാരിയായ ഡെബോറ പറയുന്നു.

സംഭവത്തിൽ തങ്ങൾക്ക് നഷ്ടപരിഹാരം തന്നില്ലെങ്കിൽ എയ്മ ഫ്യൂണറൽ സർവീസിനെതിരേ കേസ് കൊടുക്കുമെന്നും ഡെബോറ വ്യക്തമാക്കി. ഒരു മീറ്റർ 80 സെന്റീമീറ്റർ പൊക്കമുള്ള സെബാസ്റ്റ്യനെല്ലിക്ക് 130 കിലോയായിരുന്നു തൂക്കം. ഇത്രയും തൂക്കമുള്ള വ്യക്തിക്ക് ശവപ്പെട്ടി ഒരുക്കുമ്പോൾ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കണമായിരുന്നുവെന്നും ഇക്കാര്യം തങ്ങൾ നേരത്തെ ഫ്യൂണറൽ സർവീസുകാരോട് പറഞ്ഞിരുന്നുവെന്നും മകൾ ചൂണ്ടിക്കാട്ടി.