മക്ക: അറബ് നാടിനെ വീണ്ടും ആശങ്കയിലാഴ്‌ത്തി കനത്ത മഴ. ഇതിനു പിന്നാലെ ഇവിടെയുണ്ടായ പ്രളയത്തിൽ ഏറെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കനത്ത മഴപെയ്‌തൊഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സൗദി പ്രളയ ഭീഷണി നേരിടുന്നത്. ഏകദേശം രണ്ടാഴ്‌ച്ചകൾക്ക് മുൻപുണ്ടായ പ്രളയത്തിൽ 35 പേർ മരിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മക്ക വാദി ലെയ്ത്തിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് രണ്ട് ഇന്ത്യക്കാർ ലോറിക്കു മുകളിൽ കുടുങ്ങിയിരുന്നു. ഇവരെ  സേന ഹെലിക്കോപ്റ്ററിലെത്തിയാണ് രക്ഷപെടുത്തിയത്. സമാനമായ രീതിയിൽ അപകടത്തിൽപെട്ട 16 പേരെയാണ് സേന രക്ഷപെടുത്തിയത്. സൗദിയിലെ മക്ക, ജിദ്ദ, ജിസാൻ, അൽഖസീം, ബുറൈദ എന്നിവിടങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്.

മഴയുടെ കാഠിന്യം കുറയാത്തതിനാൽ ഹറം പള്ളിയിലേക്കുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു മുന്നറിയിപ്പ്. രണ്ടു ദിവസത്തിനിടെയുള്ള മഴയിൽ ആർക്കും മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

മുന്നറിയിപ്പ് തെറ്റിയില്ല, സൗദിയിൽ മഴ 'കടുപ്പത്തിൽ' തന്നെ

സൗദിയിൽ ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയപ്പ് നൽകിയിരുന്നു. ഇവിടത്തെ കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയായിരുന്നു. മിക്കസ്ഥലങ്ങളിലും ഇതേ തുടർന്ന് വെള്ളക്കെട്ടുണ്ടായി.

ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴയെത്തിയത്. പടിഞ്ഞാറൻ ഭാഗങ്ങളായ ജിദ്ദ, മക്ക തുടങ്ങിയ ഭാഗങ്ങളിൽ മഴ നിറുത്താതെ പെയ്യുകയാണ്. റിയാദിലും സമീപ പ്രദേശങ്ങളിലും മഴ കുറവായിരുന്നെങ്കിലും പിന്നീട് ശക്തി പ്രാപിച്ചു.

ഇപ്രാവശ്യം ഏറ്റവും ശക്തമായ മഴ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായിരിക്കും വർഷിക്കുക. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കിടെ രാജ്യത്ത് പരക്കെ നല്ല മഴയാണ് ലഭിച്ചത്.

കഴിഞ്ഞ ആഴ്‌ച്ചകളിൽ ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. 28 സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതായി ജിദ്ദ സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. രണ്ടു സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി. 36 പേർക്കു ഷോക്കേറ്റതായും റിപ്പോർട്ട് വന്നിരുന്നു.

യാമ്പുവിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുടുങ്ങിയ 12 കുടുംബങ്ങളെയാണ് ദൗത്യസേന രക്ഷിച്ചത്. മദീനയിൽ റോഡിലേക്കു പാറക്കല്ലുകൾ അടർന്നുവീണതിനെ തുടർന്ന് ഏതാനും റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിവിധ പ്രദേശങ്ങളിലെ താഴ്‌വാരങ്ങളും മറ്റും വെള്ളത്തിനടിയിലായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അൽഫഖ്റ പർവതത്തിലേക്കുള്ള റോഡ് അടച്ചിട്ടെന്നും വാർത്തകൾ വന്നിരുന്നു.

രണ്ടാഴ്‌ച്ചകൾക്ക് മുൻപ് വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷകെടുതിയിൽ മുപ്പത്തിയഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. വിവിധയിടങ്ങളിലുണ്ടായ വെള്ളകെട്ടുകളിലും, വെള്ളപാച്ചിലുകളിലും നിരവധി റോഡുകളും വാഹനങ്ങളും ഒലിച്ചു പോയി. ഇത് മുഖേന മില്യൺ കണക്കിന് റിയാലിന്റെ നഷടമാണ് സൗദിയിലുണ്ടായിരിക്കുന്നത്.