- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ കനത്ത മഴ തുടരുന്നു; പാതകൾ വെള്ളത്തിനടിയിലായി ട്രെയിൻ ഗതാഗതം തടസപ്പെട്ടു; കേരളത്തിലൂടെയുള്ള വണ്ടികളും റദ്ദാക്കി
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ തുടർച്ചയായി കനത്ത മഴ പെയ്തതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിൽ നിരവധി പാതകൾ വെള്ളത്തിലായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
50 ഓളം ട്രെയിനുകൾ ഭാഗികമായോ പൂർണമായോ റദ്ദാക്കി. 45 സർവീസുകൾ വഴിതിരിച്ചുവിട്ടു. കേരളത്തിലൂടെ ഓടുന്ന എട്ട് സർവീസുകളും ഇന്നത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളും പൂർണമായി റദ്ദാക്കിയതിലുണ്ട്- 13352 ആലപ്പുഴ - ധൻബാദ് ഡെയ്ലി ബൊക്കാറോ എക്സ്പ്രസ്, 16352 നാഗർകോവിൽ ജംഗ്ഷൻ - മുംബൈ ഇടങഠ ബൈ വീക്ക്ലി എക്സ്പ്രസ്, 12512 കൊച്ചുവേളി - ഗോരഖ്പുർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്, 17229 തിരുവനന്തപുരം സെൻട്രൽ - സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്, 18190 എറണാകുളം - ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്, 22620 തിരുനെൽവേലി - ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്, 18189 ടാറ്റാനഗർ - എറണാകുളം ദ്വൈവാര എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
ശനിയാഴ്ച പുറപ്പെട്ട 12626 ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് വിജയവാഡ, കൃഷ്ണ കനാൽ, ഗുണ്ടൂർ, നന്ദ്യാൽ, ധർമ്മയാരാം, യെലഹങ്ക, ജോലാർട്ടപേട്ട വഴിയും 17229 തിരുവനന്തപുരം- സെക്കന്തരബാദ് ശബരി എക്സ്പ്രസ് കാട്പാഡി, ധർമ്മയാരാം- സുലബള്ളി വഴി സെക്കന്തരബാദിലെത്തും. ശനിയാഴ്ചത്തെ 12625 തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് കാട്ട്പാഡി, ധർമ്മയാരാം, സുലബള്ളി, സെക്കന്തരബാദ്, കാസിപേട്ട് വഴിതിരിച്ചു വിട്ടു.
ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ജനജീവിതം ദുസഹമാക്കി താഴ്ന്ന മേഖലകളിൽ വീടുകൾ വെള്ളത്തിലാണ്. ഒഴുക്കിൽപ്പെട്ടും കെട്ടിടം തകർന്നും മഴക്കെടുതിയിൽ മരണം 30 ആയി. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.
15,000 ത്തോളം തീർത്ഥാടകരാണ് സർക്കാർ കേന്ദ്രങ്ങളിൽ കഴിയുന്നത്. ട്രെയിൻ വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ