തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മഴ മുന്നറിയിപ്പു നൽകിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറായി 21 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വ്യാഴാഴ്ച രാവിലെ ചെന്നൈ നിന്ന് 170 കിലോമീറ്റർ കിഴക്കു-തെക്കു കിഴക്കായും പുതുച്ചേരിയിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായും സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ വടക്കൻ തമിഴ് നാട് - തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയിൽ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ മുന്നറിയിപ്പിൽ പറയുന്നു.