കുവൈത്ത് സിറ്റി: കുവൈറ്റിൽ മഴക്കാലരോഗം പടരുന്നു. ഇന്ത്യക്കാരനടക്കം അഞ്ച് വിദേശികൾ ഇതുവരെ രോഗം മുലം മരിച്ചതായി റിപ്പോർട്ടുകൾ പുറചത്ത് വന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുവൈത്ത് സിറ്റിയിൽ മഴയും തണുപ്പും കൂടിവരികയാണ്. ഇതോടെ മഴക്കാല രോഗം മൂർച്ഛിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശൈത്യം മൂലം ശ്വാസതടസ്സം, ആസ്ത്മ തുടങ്ങിയ രോഗങ്ങളാണ് മരണത്തിന് കാരണമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. മരിച്ചവരിൽ മൂന്നു പേർ മുബാറക്ക് അൽ കബീർ ആശുപത്രിയിലും രണ്ട് പേർ ഫർവാനിയ ഗവർണറെറ്റിലെ വിവിധ കേന്ദ്രങ്ങളിലും വച്ചാണു മരണപ്പെട്ടത്.സ്ഥിതിഗതികൾ വഷളായതോടെ രാജ്യത്തെ മുഴുവൻ ആശുപത്രികളിലുമുള്ള അത്യാഹിത വിഭാഗത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി.

മഴ പെയ്ത് പലേടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഷോക്കേൽക്കാൻ സാധ്യത ഏറെയാണെന്നും സ്വദേശികളും വിദേശികളും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.മഴയെ തുടർന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ജനറൽ ഫയർഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ആണ് മുന്നറിയിപ്പ് നൽകിയത്. ഭൂമിക്കടിയിലൂടെ പോകുന്ന വൈദ്യുതി കേബിളുകളുടെ ഇൻസുലേഷൻ ചില സ്ഥലങ്ങളിൽ നശിച്ചിരിക്കാൻ ഇടയുണ്ട്.

ഷോർട്ട് സർക്യുട്ട് കാരണം വൈദ്യുതി പ്രവാഹം പെട്ടെന്ന് നഷ്ടപ്പെടാൻ ഇടയുള്ളതിനാൽ ലിഫ്റ്റ് പോലുള്ളവ ഉപയോഗിക്കുന്നതിൽ ശ്രദ്ധവേണം. ഇത്തരം അടിയന്തര സാഹചര്യത്തിലും അകപ്പെടുന്നവർക്ക് 112 എന്ന ഹോട്ട് ലൈൻ നമ്പറിലോ അതല്‌ളെങ്കിൽ 24820205, 24820201 എന്നീ നമ്പറുകളിലോ വിളിച്ചറിക്കാമെന്നും അഗ്‌നിശമന വിഭാഗം കൂട്ടിച്ചേർത്തു.

അതേസമയം, ഏത് അത്യാഹിതത്തെയും നേരിടാൻ അഗ്‌നിശമന സേന സജ്ജമാണെന്നും കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കമുൾപ്പെടെ അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കമാണ് അഗ്‌നിശമന സേന നടത്തിയിട്ടുള്ളത്.