അബുദാബി: അബുദാബിയിലെ ജനങ്ങളെ വലച്ച് കനത്ത മഴയും കാറ്റും. പൊടിക്കാറ്റ് ശക്തമായി വീശുകയും ഒപ്പം മഴയും എത്തുകയും ചെയ്തതോടെ ജനം വലഞ്ഞു. വൈകുന്നേര സമയത്ത് പെട്ടെന്നുണ്ടായ മഴ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരെ ബാധിച്ചു. പൊടിക്കാറ്റും മഴയും ശക്തമായതോടെ നിരത്തുകളിലുണ്ടായവർ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറിയാണ് മഴയിൽ നിന്നും രക്ഷനേടിയത്. മണിക്കൂറിൽ 21 കിലോമീറ്റർ വേഗമുള്ള കാറ്റാണ് വീശിയത്. അബുദാബിയിൽ പലയിടങ്ങളിലും 26 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഊഷ്മാവ്.

അൽ ഐൻ, അൽ ദഫ്റ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അബുദാബി പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം നിമിഷങ്ങൾക്കകം ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. അത്യാവശ്യമല്ലെങ്കിൽ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ബീച്ചുകളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകൾക്കും തോടുകൾക്കും സമീപം പോകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

മഴയുള്ള സമയത്ത് വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നറിയിച്ചുകൊണ്ട് മലയാളം ഉൾപെടെ വിവിധ ഭാഷകളിൽ പൊലീസ് മുന്നയിപ്പു നൽകി. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ദൃശ്യസഹിതമാണ് വിവരണം നൽകിയിരിക്കുന്നത്. മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് പൊലീസ് നിർദ്ദേശം. പൂർണ ശ്രദ്ധയോടെ സുരക്ഷിതമായി വാഹനമോടിക്കുക, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക, പെട്ടന്ന് ബ്രേക്കിടാതിരിക്കുക, വാഹനം തെന്നി മറിയാതിരിക്കാൻ സാവധാനം വേഗം കുറയ്ക്കുക, മുന്നിലുള്ള വസ്തുക്കൾ വ്യക്തമായി കാണാനായി വിൻഡ്ഷീൽഡ് വൈപ്പറും ലോ ബീം ലൈറ്റും ഉപയോഗിക്കുക എന്നിവയാണ് പൊതുവായ നിർദേശങ്ങൾ.

യാത്രയ്ക്കിടെ ചെറിയ അപകടമുണ്ടായാലും വാഹനം പ്രവർത്തന രഹിതമായാലും റോഡ് സൈഡിലേക്ക് മാറ്റി സുരക്ഷിത അകലത്തിൽ നിർത്തിയിട്ട ശേഷം പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നിലുള്ള വസ്തുക്കൾ വ്യക്തമായി കാണാനായി വിൻഡ് ഷീൽഡ് വൈപ്പറും ലോ ബീം ലൈറ്റും ഉപയോഗിക്കുക എന്നിവയാണ് പൊതുവായ നിർദേശങ്ങൾ. നിങ്ങളുടെ സുരക്ഷക്കും സുഗമമായ ഗതാഗതത്തിനും ഇത് ഗുണകരമാവും.' ഇതാണ് പൊലീസ് ട്വിറ്ററിലൂടെ പങ്കു വെച്ച മലയാളത്തിലുള്ള നിർദ്ദേശം.