ചെന്നൈ നഗരത്തെ ദുരിതത്തിലാക്കി കാറ്റും മഴയും എത്തി. സംസ്ഥാനത്തു വടക്കു കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതിനൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴയും കാറ്റും നാശം വിതച്ചു മുന്നേറുന്നു. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ രാവിലെ എട്ടുമണിയോടെ ആരംഭിച്ച മഴ നഗരത്തെ മൊത്തത്തിൽ ഗതാഗതക്കുരുക്കിലാക്കി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗതാഗതം സാധാരണനിലയിലായത്. പുരൈസവാക്കം ഹൈറോഡ്, നുങ്കമ്പാക്കം കോളേജ് റോഡ്, ടി.നഗർ, അശോക് നഗർ, അയനാവരം, വില്ലിവാക്കം, അമ്പത്തൂർ, വടക്കൻ ചെന്നൈയുടെ വിവിധഭാഗങ്ങൾ എന്നിവ വെള്ളക്കെട്ടിലായി.പലയിടങ്ങളിലും കേബിളുകൾ സ്ഥാപിക്കാൻ കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. പലരും കുഴി ഏതെന്ന് അറിയാതെ ബൈക്ക് ഓടിച്ചതിനാൽ വീണു പരിക്കേറ്റു.

നാഗപട്ടണമടക്കമുള്ള തീരദേശ മേഖലയിൽ ന്യൂനമർദം കാരണം ശക്തമായ കാറ്റുവീശി. പല സ്ഥലങ്ങളിലും കനത്ത കൃഷി നാശമുണ്ട്. വൈദ്യുതി തൂണുകൾ തകർന്നു വീണതിനെ തുടർന്നു പലയിടത്തും വൈദ്യുതി വിതരണം നിർത്തി. ഒട്ടേറെ മരങ്ങൾ കടപുഴകി. പുതുച്ചേരി, കടലൂർ എന്നിവിടങ്ങളിലും വ്യാപക നാശമുണ്ട്.