ദുബായ്: കനത്ത മഴയും കൊടുങ്കാറ്റും ദുബായ് നിവാസികളെ  വലച്ചു. ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകൾക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. അതേസമയം പുലർച്ച തന്നെ മഴ ആരംഭിച്ചുവെങ്കിലും എങ്ങും ഗതാഗത സ്തംഭനമുണ്ടായില്ല എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞാഴ്ച ഉണ്ടായതു പോലെ തന്നെയുള്ള ശക്തമായ മഴയാണ് ഈയാഴ്ചയും പെയ്യുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് ഓഫീസുകൾക്കും സ്‌കൂളുകൾക്കും അവധി നൽകിയതു പോലെ ഇത്തവണ അവധി ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്. ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് അബുദാബി സിറ്റിയിൽ ശക്തമായ കാറ്റിനൊപ്പം മഴ പെയ്യാൻ ആരംഭിച്ചു. അൽ ദഫ്ര, ബേയ്‌നുഹ, അൽ മഫ്ര മേഖലകളിൽ കനത്ത മഴയാണ് പെയ്തത്. പുലർച്ചെ തന്നെ ഇവിടങ്ങളിൽ മഴ പെയ്യാൻ തുടങ്ങിയിരുന്നു.

തീരദേശ മേഖലകളിൽ ശക്തമായ മഴ വൈകുന്നേരവും പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇടയ്ക്ക് കൊടുങ്കാറ്റിനും സാധ്യത തള്ളിക്കളയുന്നില്ല. തീരദേശ മേഖലകൾ കൂടാതെ എമിറേറ്റ്‌സിന്റെ വടക്കു കിഴക്കൻ മേഖലകളിലും ശക്തമായ മഴ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. കൊടുങ്കാറ്റിന്റെ സാന്നിധ്യവും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അക്യുവെതർ മുന്നറിയിപ്പു നൽകുന്നു.

മഴ ശക്തമാകുന്നതോടെ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അതുവഴി ഗതാഗത തടസവും നേരിട്ടേക്കാം. താഴ്ചയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. റോഡുകൾ തെന്നിക്കിടക്കുന്നതിനാൽ അപകടസാധ്യത ഏറെയാണെന്നും അറിയിപ്പിൽ പറയുന്നു.