- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനൽമഴ നിർത്താതെ പെയ്തപ്പോൾ തലസ്ഥാനം വെള്ളത്തിനടിയിൽ; റെയിൽവേ പ്ലാറ്റ്ഫോമിലും ബസ് സ്റ്റാൻഡിലുമൊക്കെ വെള്ളം; ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് പരക്കെ മഴ; വർഷകാലത്തെ ഓർമ്മിപ്പിക്കുംവിധം ശക്തമായ മഴയിൽ നനഞ്ഞു കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ മഴ പെഴ്തു. തുടർച്ചയായ പെയ്ത മഴയിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ മുങ്ങി. വൈകീട്ട് ആറരയോടെ തുടങ്ങിയ മഴ രാത്രിയും ശക്തമായി തുടർന്നു.
തിരുവനന്തപുരം റയിൽവേ ട്രാക്കിലടക്കം വെള്ളം കയറി. തമ്പാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി. ലോക്ഡൗൺ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തിൽ ആരെങ്കിലും അപകടത്തിൽപെട്ടിട്ടുണ്ടോയെന്നത് ഉൾപ്പെടെ ഫയർഫോഴസ് സംഘം പരിശോധിക്കുന്നുണ്ട്.
തെക്കൻ കേരളത്തിൽ തീരമേഖലയിലാകെ ശക്തമായ മഴയായിരുന്നു. ന്യൂനമർദ്ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളിൽ തന്നെ 128 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. നെയ്യാറ്റിൻകര മേഖലയിലാകട്ടെ 127 മില്ലിമീറ്ററാണ് ഈ സമയത്ത് രേഖപ്പെടുത്തിയത്. മഴ നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് കക്കയത്തും കാസർഗോഡ് വെള്ളരിക്കുണ്ടിലും മഴ രാത്രി വൈകിയും തുടർന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ നാളെമുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്മർ നൽകിയ 'ടൗട്ടെ 'എന്ന പേരായിരിക്കും ഉപയോഗിക്കുക. കേരളത്തിലും 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചു.
ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനം 2021 മെയ് 14 മുതൽ മറിച്ചൊരു അറിയിപ്പുണ്ടാകുന്ന വരെ പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം. ആഴക്കടലിൽ മൽസ്യബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കാൻ ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ