പത്തനംതിട്ട: ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പന്മൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലും വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസം നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങൾ വീണ്ടും വെള്ളത്തിലായി.കോട്ടമൺപാറയിൽ കാര്യമായ മഴയില്ലെങ്കിലും കുരുമ്പന്മൂഴിയിൽ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാർത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളപായമില്ലെന്നാണ് ആദ്യ സൂചന.

അതേസമയം സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനകം തുലാവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം നാളെയോടെ പിൻവാങ്ങും. തുലാവർഷം എത്തുന്നതോടെ വൈകിട്ട് ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം.
ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറ!ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

കാലവർഷം 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് നിന്നും പൂർണമായും പിൻവാങ്ങും. മഴ 28 വരെ തുടരുമെന്നാണു പ്രവചനം. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.