തിരുവനന്തപുരം: ചരിത്രം തിരുത്തി കേരളത്തിൽ തുലാവർഷ മഴ പെയ്ത് ഇറങ്ങുന്നു. സർവകാല റെക്കോർഡ് മറികടന്നാണ് തുലാവർഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 15 വരെ കേരളത്തിൽ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴയാണ്. 2010 ൽ ലഭിച്ച 822.9 മില്ലിമീറ്റർ മഴയുടെ റെക്കോർഡാണു മറികടന്നത്. 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവ്വകാല റെക്കോർഡ് മറികടന്നു.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ ആദ്യ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതൽ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ കണക്കുകൾ പ്രകാരം തുലാവർഷ മഴ 800 മില്ലിമീറ്ററിൽ കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് 2010ലും 1977(809.1 മില്ലിമീറ്റർ)ലുമാണ്.

തുലാവർഷ സീസണിൽ സംസ്ഥാനത്തിന് സാധാരണ ലഭിക്കാറുള്ളത് 492 മി.മി മഴയാണ്. മഴയുടെ കാര്യത്തിൽ മറ്റു രണ്ട് റെക്കോർഡുകൾ ഈ വർഷം ഭേദിച്ചിരുന്നു. 2021 ജനുവരി, ഒക്ടോബർ മാസങ്ങളിൽ മഴ സർവകാല റെക്കോർഡ് മറികടന്നിരുന്നു.

ജൂണിൽ തുടങ്ങി ഒക്ടോബർ വരെയുള്ള ഇടവപ്പാതി (തെക്ക് പടിഞ്ഞാറൻ കാലവർഷം) മഴയുടെ പിൻവാങ്ങലിന് പിന്നാലെയാണ് കേരളത്തിൽ തുലാവർഷ മഴയുടെ കടന്നുവരവ്. സാധാരണ ഇടവപ്പാതിയെ അപേക്ഷിച്ച് വളരെക്കുറവായ കേരളത്തിലെ മഴക്കാലമാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷം (വടക്ക് കിഴക്കൻ കാലവർഷം).

അന്തരീക്ഷത്തിന്റെ മൂന്നോ നാലോ കിലോമീറ്റർ വരെയുള്ള താഴ് മണ്ഡലങ്ങളിൽ മെയ് മുതൽ ഒക്ടോബർ വരെ തെക്കു പടിഞ്ഞാറു ദിശയിൽനിന്നും വീശുന്ന കാറ്റിന്റെ ഗതി നേരെ തിരിഞ്ഞ് വടക്കു കിഴക്കു നിന്നായി മാറുന്നതാണ് ഒക്ടോബറിൽ തുലാവർഷ വരവോടെ അനുഭവവേദ്യമാകുന്ന പ്രധാന പ്രതിഭാസം. ഈ വടക്കു കിഴക്കൻ കാറ്റ് ഏപ്രിൽവരെ നീളും. കാറ്റിന്റെ ഗതിയിലുള്ള ഈ 'തിരിയൽ 'പ്രക്രിയയ്ക്കു കാരണം ഇന്ത്യയുടെ തെക്കും വടക്കും ഭാഗങ്ങളിലുള്ള അന്തരീക്ഷ മർദ വ്യത്യാസമാണ്.

ഒക്ടോബർ 20 മുതൽ ഡിസംബർ 27 വരെയാണ് തുലാവർഷക്കാലം. ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ ഇതിന് വ്യത്യാസം ഉണ്ടാകാറുണ്ട്. കേരളത്തിൽ ഇടവപ്പാതി മഴയ്ക്ക് തുടക്കം കുറിക്കുന്ന ദിവസത്തിന് (ജൂൺ 1) നിദാനങ്ങളായ പടിഞ്ഞാറൻ കാറ്റിന്റെ ഗതി, വേഗത, വികിരണോർജതോത്, പെയ്ത മഴയുടെ അളവ് ഈ വക ദിനാവസ്ഥാഘടകങ്ങളൊന്നും തുലാവർഷമഴയുടെ തുടക്കം കുറിക്കലിലില്ല.

പ്രഭാവ മേഖലാ പ്രദേശങ്ങൾ
കേരളത്തിനു പുറമെ ഇന്ത്യയുടെ തെക്കേ ഉപദ്വീപുഭാഗങ്ങളിൽപ്പെടുന്ന തമിഴ്‌നാട്, പുതുച്ചേരി, മാഹി, ആന്ധ്രയുടെ തീരമേഖല, റായലസീമ, കർണാടകത്തിന്റെ ഉൾപ്രദേശങ്ങൾ ഇവയാണ് തുലാവർഷമഴയുടെ പ്രഭാവത്തിലുള്ള മറ്റ് പ്രദേശങ്ങൾ. ഇടവപ്പാതി മഴ കേരളത്തെ ജലസമൃദ്ധമാക്കുമെങ്കിൽ തമിഴ്-തെലുങ്ക് ജനതയുടെ കാർഷിക സംസ്‌കൃതിയുടെ നിലനിൽപ്പിനാധാരമാണ് വടക്കു കിഴക്കൻ കാലവർഷം

ഇടവപ്പാതിയുടെ മഴഭാവങ്ങളിൽനിന്നും ഭിന്നമാണ് തുലാവർഷമഴ. സാധാരണയായി ഉച്ചയ്ക്കുശേഷം വളർന്നുയരുന്ന ഇടിമിന്നൽ മേഘങ്ങളിൽനിന്നും രുപപ്പെടുന്ന വ്യത്യസ്ത തീവ്രതയിലുള്ള മഴരൂപങ്ങളാണ് - വളരെ ലളിതമായ മഴ (0.1 - 2.4 മില്ലീമീറ്റർ), ലളിതമായ മഴ (2.5 - 7.5 മില്ലീമീറ്റർ.), മിതമായ മഴ (7.6 - 35.5 മില്ലീമീറ്റർ.), ശക്തമായ മഴ മുതൽ അത്യതിതീവ്ര മഴ (35.5 മില്ലീമീറ്ററിനു മുകളിൽ) കാണാറുള്ളത്. തുലാവർഷ മഴ ഇടവപ്പാതി മഴപോലെ മണ്ണിലേക്കുള്ള ഊർന്നിറങ്ങലിൽ കാര്യമായ സംഭാവന നൽകുന്നില്ല. ഇടിമിന്നൽ മേഘങ്ങളാണ് തുലാവർഷത്തിൽ കേരളത്തിൽ മഴ പൊഴിക്കുന്നത്.

ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴ പൊഴിച്ച് പൂർവ പശ്ചിമഘട്ട മലനിരകൾ കടന്ന് ഏതാണ്ട് വടക്കു കിഴക്കുനിന്നും വീശീ വരുന്ന ആർദ്രത കുറഞ്ഞ വായൂപിണ്ഡത്തെ അറബിക്കടലിൽ നിന്നും ഇക്കാലങ്ങളിൽ രാവിലെ രൂപംകൊള്ളുന്ന കടൽക്കാറ്റ് വേണ്ടുവോളം ഈർപ്പം നൽകി പോഷിപ്പിക്കുന്നു. അസ്ഥിരമായ ഈ അന്തരീക്ഷത്തിൽ രൂപപ്പെടുന്നതാണ് ഇടിമിന്നൽ മേഘങ്ങൾ. കേരളത്തിന്റെ അക്ഷാംശ മേഖലകളിൽ നിലകൊള്ളുന്ന ചക്രവാത (ഉത്തരാർധ ഗോളത്തിൽ ഘടികാര ദിശയ്ക്കു വിപരീതമായി) അന്തരീക്ഷച്ചുഴികളോ, കാറ്റിന്റെ പാതയിലുണ്ടാകുന്ന പാത്തിയോ തുലാവർഷ മഴയെ ഏതാണ്ട് പൂർണമായി സ്വാധീനിക്കുന്നു. നാശം വിതയ്ക്കുന്ന മിന്നൽപ്പിണരുകളുടെ പ്രഹരശേഷി 2-4 മണിക്കൂർ വരെ നീണ്ടുനിൽക്കാറുണ്ട്. സസ്യജാലങ്ങൾക്ക് അത്യന്താപേക്ഷിതമായ മണ്ണിലെ പാക്യജനക ജനനപ്രക്രിയയിൽ ഈ ഇടിമിന്നൽ മഴ ഏറെ സഹായം ചെയ്യാറുണ്ട്.

സാധാരണ തുലാവർഷത്തിൽ ഉണ്ടാകുന്ന രീതികൾക്ക് വിഭിന്നമായി മഴ കൂടുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. കേരളത്തിലെ തുലാവർഷമഴയുടെ പ്രവണത നോക്കിയാൽ പ്രതിവർഷം 3.5 മില്ലീമീറ്റർ എന്ന ക്രമത്തിൽ കൂടി വരുന്നതായി കാണപ്പെടുന്നു. ഇതിന് ആഗോളതാപനം ഒരു കാരണമായി വിലയിരുത്തുന്നു.

മഴ കനക്കും
സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ബംഗാൾ ഉൾക്കടൽ ന്യുനമർദം നവംബർ 18 ന് തമിഴ്‌നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ നവംബർ 17ന് അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമർദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം.എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് തുടരുന്ന മൂന്ന് എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമെ ഇന്ന് നാല് ടീമുകൾ കൂടെയെത്തും.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ബുധനാഴ്‌ച്ചയോടെമധ്യ കിഴക്കൻ അറബികടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും പ്രവചനം.

കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രം ദക്ഷിണേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുടി മഴ കനക്കും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനൊപ്പം തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും എന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും ആൻഡമാൻ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.

തമിഴ്‌നാട് കന്യാകുമാരി ജില്ലയിൽ രൂക്ഷമായ പ്രളയം തുടരുകയാണ്. നാല് ദിവസമായി തുടരുന്ന കനത്ത മഴയും പെരുഞ്ചാ നി, പുത്തൻ അണക്കെട്ടുകൾ തുറന്നതുമാണ് ജില്ലയിലെ പ്രളയത്തിന് കാരണം. 12000 ക്യുസെക്സ് വെള്ളമാണ് ഇരു ഡാമുകളിൽ നിന്നും നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഡാമുകളുടെ കനാൽ പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും മാറ്റി പാർപ്പിച്ചു.

65 ദുരിതാശ്വാസ ക്യാംപുകളിലായി 3150 പേരാണ് നിലവിൽ കഴിയുന്നത്. ഹെക്ടർ കണക്കിന് പ്രദേശത്തെ കാർഷിക വിളകൾ നശിച്ചു. വെള്ളം കയറിയതും മണ്ണിടിച്ചിലും കാരണം നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചെന്നൈയിൽ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. കൊളത്തൂർ, മണലി , മുടിച്ചൂർ തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.