തിരുവനന്തപുരം: വീണ്ടും ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സെപറ്റംബർ 7 വരെ സംസ്ഥാനത്ത് ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച മലയോരമേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അങ്ങനെയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് അടിക്കാൻ സാധ്യതയുള്ളതിനാൽ കേരളതീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്