- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരും കോഴിക്കോട്ടും കനത്ത മഴ; തൃശൂരിൽ പരക്കെ നാശം; സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും; പത്തനംതിട്ടയിലും പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലാണ് മഴ ശക്തം. അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തൃശൂരും കോഴിക്കോടും കനത്ത മഴ തുടരുകയാണ്. തൃശൂരിൽ ജില്ലയിൽ മഴയിൽ പരക്കെ നാശമുണ്ടായി.
കനത്ത മഴയിൽ തൃക്കൂർ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളിൽ വെള്ളം കയറി. മറ്റത്തൂർ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളിൽ വെള്ളം കയറി.കോഴിക്കോട്ട് മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ , വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു.
മുക്കത്ത് കടകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്.സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. തിങ്കളാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ