പാരീസ്: ഫ്രഞ്ച് ആൽപ്‌സിൽ അനുഭവപ്പെട്ട കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പതിനായിരക്കണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഒരു രാത്രി മുഴുവൻ വാഹനങ്ങളിൽ കഴിച്ചു കൂട്ടേണ്ട ഗതികേട് പലർക്കുമുണ്ടായി. 15,000ലേറെ വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ പന്ത്രണ്ടിലേറെ ടൗണുകളിൽ ഡ്രൈവർമാർക്ക് ഷെൽട്ടറുകൾ ഒരുക്കേണ്ടി വന്നു. മഞ്ഞുമഴ ശക്തമായതോടെ റോഡിൽ നിന്നു കാർ തെന്നിമറിഞ്ഞ് ഇരുപത്തേഴുകാരൻ മരിച്ചു.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തെങ്ങും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സതേൺ ഫ്രാൻസിലെ സാവോയ് മേഖലയിലെ സ്‌കീ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയവരാണ് ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്. മഞ്ഞുവീണ് ഗതാഗതം തടസമായതോടെ ഹോളിഡേ ആഘോഷിക്കാനെത്തിയവരും ആഘോഷത്തിനു ശേഷം മടങ്ങുന്നവരും ഈ മേഖലയിൽ അകപ്പെടുകയായിരുന്നു. വാഹനങ്ങൾ റോഡിൽ നിശ്ചലമായതോടെ മിക്കവരും രാത്രി കാറുകളിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു.

ഫ്രാൻസിൽ ആകമാനം കഴിഞ്ഞ രാത്രി ശക്തമായ തോതിൽ കാറ്റു വീശിയിരുന്നു. ഹോളിഡേ ആഘോഷിക്കാനെത്തിയവരെ ഇത് കൂടുതൽ കുരുക്കിലാക്കുകയായിരുന്നു. അന്തരീക്ഷ താപനില പൂജ്യത്തിലും താഴ്ന്നതോടെ റോഡ് മുഴുവൻ ഐസിൽ മുങ്ങി. 130 കിലോമീറ്റർ താണ്ടാൻ പത്തു മണിക്കൂറിലേറെ എടുത്തതായി ചില ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ചയും കൂടുതൽ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്രാൻസ് മെറ്റീരിയോളജിക്കൽ സർവീസ് അറിയിച്ചിട്ടുണ്ട്.

റോഡുകൾ കൂടുതൽ അപകടകാരികളായി തീരുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നുമാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്.