സിംഗപ്പൂർ: ഒമ്പതിന് രാജ്യം ദേശീയ ദിനം ആഘോഷിക്കുമ്പോൾ യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത ഗതാഗതക്കുരുക്കാണെന്ന് മുന്നറിയിപ്പ്. വുഡ്‌ലാൻഡ്‌സ്, ടുവാസ് ചെക്ക് പോയിന്റുകളിൽ അമിതമായി തിക്കും തിരക്കും അനുഭവപ്പെടുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഞ്ചാം തിയതിയും ഒമ്പതാം തിയതിയും യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ പ്രത്യേകം കരുതൽ എടുക്കാനും നിർദേശമുണ്ട്.

ലാൻഡ് ചെക്ക് പോയിന്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് പ്രത്യേകം മുന്നറിയിപ്പുകളും ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ് അഥോറിറ്റി (ഐസിഎ) നൽകുന്നു. ഒരേ സമയം ഒട്ടേറെപ്പേർ ചെക്ക് പോയിന്റുകൾ ഉപയോഗപ്പെടുത്തുമെന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്നും ഇതിനെതിരേ കരുതൽ വേണമെന്നുമാണ് നിർദ്ദേശം. ഇതിനനുസരിച്ചു വേണം യാത്രക്കാർ തങ്ങളുടെ യാത്രകൾ തയാറാക്കേണ്ടത്.

തങ്ങളുടെ പാസ്‌പോർട്ട് കാലാവധി പ്രത്യേകം നോക്കി അവ പുതുക്കേണ്ടതാണെങ്കിൽ സമയത്ത് അവ പുതുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വാഹനവുമായി പുറത്തിറങ്ങുന്നവർ ചെക്ക് പോയിന്റുകളിലെ നില പരിശോധിച്ചിട്ടു മാത്രം ഇറങ്ങുക. എക്സ്‌പ്രസ് വേകളിൽ സ്ഥാപിച്ചിട്ടുള്ള എക്സ്‌പ്രസ് വേ മോട്ടോറിങ് ആൻഡ് അഡൈ്വസറി സിസ്റ്റത്തിലൂടെ ട്രാഫിക് നില അറിയാവുന്നതാണ്. കൂടാതെ 6863-0117 എന്ന ഹോട്ട് ലൈനിലൂടെയും ട്രാഫിക് നില അറിയാം.