കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ ആവേശഭരിതമായ സ്വീകരണം. ശ്രീകണ്ഠാപുരം മുതൽ ഇരിട്ടി വരെയുള്ള സ്വീകരണ കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്. യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയിലും ആവേശത്തിലും ജാഥാ നായകന് വേദികളിലെത്താൻ നന്നേ പാടുപെടേണ്ടി വന്നു. സേവാദൾ വളണ്ടിയർമാരുടെ ഇടപെടലിലൂടെയാണ് ചെന്നിത്തലക്ക് വേദികളിലെത്തിച്ചേരാൻ കഴിഞ്ഞത്.

സിപിഐ.എമ്മും ബിജെപി.യും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് എസ്. എൻ.സി ലാവലിൻ കേസിൽ കുറ്റ വിമുക്തനാക്കിയ പിണറായി വിജയനെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനം ഒന്നുമായിട്ടില്ല. ദേശീയ തലത്തിൽ ബിജെപി. വിരുദ്ധ കോൺഗ്രസ്സ് മുന്നണിയിൽ നിന്നും മാറി നിൽക്കുമെന്ന സിപിഐ.എം. കേരള ഘടകത്തിന്റെ തീരുമാനം ഇതിന്റെ പ്രത്യുപകാരമാണെന്നും ചെന്നിത്തല ആരോപിച്ചു.

സിബിഐ. അപ്പീൽ ഹരജി നൽകിയാൽ ലാവലിൻ കേസിൽ പിണറായി വിജയൻ രക്ഷപ്പെടില്ല. ഈ കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ നൽകിയ രണ്ട് റിട്ടുകൾ സുപ്രീം കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്നുണ്ട്. സിപിഐ.എം. ഉം ബിജെപി.യും ഒരുമിച്ച് ശ്രമിച്ചാലും ലാവലിൻ കേസ് ഇല്ലാതാകില്ല. ലാവലിൻ കേസിൽ ഹൈക്കോടതി സിബിഐ. ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. എന്നിട്ടും അപ്പീൽ നല്കാത്തത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സിബിഐ.യെ പ്രധാന മന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഇതെന്ന് ചെന്നിത്തല ആരോപിച്ചു.

പടയൊരുക്കം ജാഥയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ സാമൂഹ്യ- സാംസ്കാരിക -വ്യാവസായിക രംഗങ്ങളിൽ മുദ്ര പതിപ്പിച്ച പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോക്ടർ അലക്സ് വടക്കും തല, മഹേഷ് ചന്ദ്ര ബാലിക, സുശീൽ ആറോൺ, വിനോദ് നാരായണൻ, സച്ചിൻ സൂര്യനാഥ്, സി.ജയചന്ദ്രൻ, ഐ.ടി രംഗത്തെ തൊഴിൽ ദാദാവായ ടി.എൻ.എം. ജഹദ്, ഗസൽ ഗായിക ഫിദ, സാഹിത്യ കാരന്മാരായ എം. ഒ. ജി മലപ്പട്ടം, പ്രൊഫ. ഗംഗാധരൻ എന്നിവരുമായാണ് ചെന്നിത്തല സംവദിച്ചത്.