- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്കുളത്തെ ലേക്ക്ഫ്രണ്ട് പ്രൊജക്ടിനായി എസ്ബിഐയിൽ നിന്നും ലോണെടുത്ത 15 കോടി തിരിച്ചടയ്ക്കാതെ കബളിപ്പിച്ചു; ഈട് നൽകിയ വ്യാപാരസമുച്ചയം ബാങ്ക് അറിയാതെ മറിച്ചുവിറ്റും തട്ടിപ്പ്; ആരും അറിയാതെ പാപ്പർഹർജി നൽകി കൈകഴുകാനുള്ള ശ്രമിച്ച ഹീരബാബുവിന് ഒടുവിൽ പണികിട്ടി; എസ്ബിഐയുടെ പരാതിയിൽ ബാബുവും മകനും കുടുങ്ങിയത് ഇങ്ങനെ
തിരുവനന്തപുരം: ഹീര ആക്കുളം പ്രോജക്റ്റ് തട്ടിപ്പിന്റെ പേരിൽ എസ്ബിഐ നൽകിയ പരാതിയിൽ സിബിഐ ഹീരാ ബാബുവിനെയും മകനെയും അറസ്റ്റ് ചെയ്യുമ്പോൾ പൂട്ടുവീഴുന്നത് വമ്പിച്ച തട്ടിപ്പുകളുടെ പരമ്പരയ്ക്ക്. 2019 ൽ എസ്ബിഐ നൽകിയ പരാതിയിലാണ് ഹീരാ ബാബുവിനും ഡയറക്ടർമാർക്കും എതിരെ സിബിഐ കേസെടുത്തിരുന്നത്. ഹീര ആക്കുളത്തെ ലേക്ക് ഫ്രണ്ട് ഹൗസിങ് പ്രോജെക്ട് പ്രഖ്യാപിച്ചയുടൻ നൽകിയ 15 കോടി രൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് പാപ്പർ ഹർജി നൽകിയ ഹീര ബാബുവിനെ ഒന്നാം പ്രതിയാക്കി ഹീരയുടെ ആറു ഡയക്ടർമാരെയും പ്രതി ചേർത്ത് സിബിഐയിൽ എസ്ബിഐ പരാതി നൽകിയത്.
തിരുവനന്തപുരത്തെ എസ്ബിഐ റീജിയണൽ മാനേജർ എം.സുരേഷ്കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹീരയ്ക്ക് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഹീര കമ്പനിക്ക് എതിരെയും ഹീരയുടെ ഡയറക്ടർമാരായ ഹീര ബാബു, ഹീരാ ബാബുവിന്റെ ഭാര്യയായ സുനിതാ ബീഗം റഷീദ്, മക്കളായ സുബിൻ അബ്ദുൾ റഷീദ്, റെസ് വിൻ അബ്ദുൾ റഷീദ്, സുറുമി അബ്ദുൾറഷീദ് എന്നിവരെ പ്രതികളാക്കിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കൊപ്പം എസ്ബിഐയിലെ ഉദ്യോഗസ്ഥരെയും സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഹീരയുടെ തട്ടിപ്പുകൾ സങ്കീർണ്ണം; പുറത്തറിയാൻ വൈകുകയും ചെയ്യും
സിബിഐയുടെ കൊച്ചിയിലെ ആന്റി കറപ്ഷൻ വിംഗാണ് ഹീരയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഉപഭോക്താക്കളെ വിദഗ്ദമായി വഞ്ചിക്കുന്ന ഹീര വളരെ സങ്കീർണ്ണമായ തട്ടിപ്പ് തന്നെയാണ് എസ്ബിഐയ്ക്കെതിരെയും പുറത്തെടുത്തത്. ആക്കുളത്തെ ഹീരയുടെ പ്രോജക്റ്റ് 'ഹീര ലേക്ക് ഫ്രണ്ട്' പ്രഖ്യാപിച്ചയുടൻ തന്നെയാണ് ഹീരയ്ക്ക് 2013-ൽ എസ്ബിഐയുടെ കവടിയാർ ബ്രാഞ്ച് 15 കോടി രൂപ പ്രോജ്കറ്റ് ലോൺ അനുവദിക്കുന്നത്. വെറും പ്രോജക്റ്റ് മാത്രമായതിനാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി കൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസാ വ്യാപാര സമുച്ചയവും അതിലെ കടമുറികളും ഈടായി ഹീര നൽകിയിരുന്നു. എസ്ബിഐയിൽ നിന്നെടുത്ത 15 കോടി ഹീര തിരിച്ചടയ്ക്കുകയോ ഹീരയുടെ ആക്കുളം പ്രോജക്റ്റ് ഹീര പൂർത്തീകരിക്കുകയോ ചെയ്തില്ല. അതേസമയം തന്നെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഹീര പ്ലാസയിലെ മുഴുവൻ കടമുറികളും വ്യാപാര സമുച്ചയവും ബാങ്കിന്റെ അനുമതികൂടാതെ ഹീര വിൽക്കുകയും ചെയ്തു
കൊല്ലം ചിന്നക്കടയിൽ 26 ഷോപ്പ് മുറികൾ ഉള്ള ഈ സമുച്ചയത്തിലെ 12 ഷോപ്പുകൾ ബാങ്ക് ഹീരയ്ക്ക് കൈമാറി നൽകിയിരുന്നു. എന്നാൽ ബാങ്ക് നൽകിയ അനുമതി ഉപയോഗിച്ച് വ്യാപാര സമുച്ചയം മുഴുവനായി തന്നെ ഹീര വിറ്റഴിച്ചു. ഹീരയ്ക്ക് അനുവദിച്ച 15കോടിയുടെ ലോൺ അടയ്ക്കാതിരിക്കുകയും എന്നാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകിയ സമുച്ചയം ഹീര വിറ്റഴിക്കുകയും ചെയ്തതായി ബാങ്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി ബാങ്ക് സിബിഐയെ സമീപിച്ചത്. അന്ന് എസ്ബിറ്റിയായിരുന്ന വേളയിലാണ് ബാങ്ക് വായ്പ നൽകിയത്. ഇപ്പോൾ എസ്ബിറ്റി എസ്ബിഐയിൽ ലഭിച്ചതിനാൽ എസ്ബിഐയാണ് പരാതി നൽകിയത്. ഈ തട്ടിപ്പിന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെകൂടി പങ്ക് ഉണ്ടെന്ന വിധത്തിലാണ് സിബിഐ അന്വേഷണം മുന്നോട്ടു നീക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഹീരയുടെ തട്ടിപ്പ് സിബിഐ കണ്ടുപിടിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെയാണ് ഹീര ബാബുവിനെ സിബിഐ കസ്റ്റഡിയിൽ എടുക്കാൻ മുതിരുന്നതും
വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ എസ്ബിഐയും ഹീരയും ഒത്തുകളിച്ചോ?
ഹീരയ്ക്ക് എസ്ബിഐ അനുവദിച്ച 15 കോടിയുടെ വായ്പ 2016 ഡിസംബറിൽ ഹീര തിരിച്ചടയ്ക്കേണ്ടതായിരുന്നു. ഹീരയുടെ ആക്കുളം പ്രോജ്കറ്റ് പൂർത്തിയാകാത്തതിനെ തുടർന്ന് 2017 ഡിസംബർ വരെ വായ്പാ കാലാവധി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ കാലാവധിയിലും വായ്പ തിരിച്ചടയ്ക്കാൻ ഹീര തയ്യാറായില്ല. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഹീരയുടെ തട്ടിപ്പിന്റെ വ്യാപ്തി ബാങ്കിന് ബോധ്യമായത്. ലോൺ അടയ്ക്കാത്തതിനെ തുടർന്ന് ഹീരയുടെ ആക്കുളം പ്രോജക്റ്റ് ബാങ്ക് അറ്റാച്ച് ചെയ്തിരുന്നു. അതിനായി ബാങ്ക് ആക്കുളത്തെ ഹീര ലേക്ക് ഫ്രണ്ട് പ്രോജക്റ്റിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹീരയുടെ ആളുകൾ ഈ ബോർഡ് നീക്കം ചെയ്യുകയും ഫ്ളാറ്റുകൾ വിൽപ്പന നടത്തുകയും ചെയ്തു. എന്നാൽ ബാങ്ക് ഈ ഫ്ളാറ്റുകൾ അറ്റാച്ച് ചെയ്ത വിവരം അറിഞ്ഞിട്ടും ഫ്ളാറ്റുകൾ വിൽപ്പന നടത്താൻ ഇതേ എസ്ബിഐ തന്നെ ഹീരയെ അനുവദിച്ചതായും സൂചനയുണ്ട്. ഈ പ്രോജക്റ്റ് ബാങ്ക് അറ്റാച്ച് ചെയ്ത കാര്യം ഹീരയുടെ ആക്കുളത്ത് ഫ്ളാറ്റ് ബൂക്ക് ചെയ്തവരിൽ നിന്നും ബാങ്ക് മറച്ചുവെച്ചു എന്നാണ് എസ്ബിഐക്കെതിരെ ആക്ഷേപം ഉയരുന്നുണ്ട്. ഹീര എസ്ബിഐയെ കബളിപ്പിച്ചു. അതേ സമയം ഹീര ലേക്ക് ഫ്രണ്ട് പ്രോജക്റ്റിൽ ഫ്ളാറ്റുകൾ ബുക്ക് ചെയ്തവരെയും കബളിപ്പിച്ചു.
ഹീരയുടെ വഞ്ചനയ്ക്കിരയാവരിൽ നിന്നും രക്ഷനേടാൻ പാപ്പർ ഹർജിയിൽ അഭയവും
സ്വതസിദ്ധമായ സങ്കീർണ്ണമായ തട്ടിപ്പ് ആണ് ഹീര നടത്തിയത് എന്നതിനാൽ ഈ തട്ടിപ്പ് ഹീരയുടെ മറ്റു തട്ടിപ്പുകൾ പോലെ പുറത്തറിയാൻ വൈകുകയായിരുന്നു. തട്ടിപ്പുകൾ നടത്തി നിൽക്കക്കള്ളിയില്ലാതെയാണ് ഹീര ഈയിടെ പാപ്പർ ഹർജി ഫയൽ ചെയ്തത്. . 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഹീര ബാബു നിയമ നടപടികൾ തുടങ്ങിയത്. അബ്ദുൾ റഷീദ് അലിയാർ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടർ. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിൻ, റസ്വിൻ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടർമാർ. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് പാപ്പരാക്കാൻ ഹീരാ ബാബു നീക്കം നടത്തുന്നത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ