മെൽബൺ: 99 ശതമാനവും ഫ്രൂട്ട് ആൻഡ് വെജ് എന്ന് അവകാശപ്പെട്ട് വിപണിയിൽ വിറ്റഴിക്കുന്ന ഹെയ്ൻസ് ലിറ്റിൽ കിഡ്‌സ് ഷ്രെഡ്‌സ് ഉത്പന്നത്തിൽ ഭൂരിഭാഗവും പഞ്ചസാരയാണെന്ന് ആരോപണം. ഹെയ്ൻസ് ലിറ്റിൽ കിഡ്‌സ് ഷ്രെഡ്‌സ് പ്രൊഡക്‌സിനെതിരേയാണ് ആരോപണവുമായി ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (എസിസിസി) രംഗത്തെത്തിയിരിക്കുന്നത്.

അറുപതു ശതമാനത്തിലധികം പഞ്ചാസര ഉത്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കാണിച്ച് ഹെയ്ൻസ് ലിറ്റിൽ കിഡ്‌സ് പ്രൊഡക്ടിനെ കോടതി കയറ്റാനൊരുങ്ങുകയാണ് എസിസിസി. തെറ്റായ അവകാശവാദം ഉന്നയിച്ചതിനെതിരേയും പൊതുജനങ്ങളെ വഴിതെറ്റിച്ചതിനുമാണ് എസിസിസി ഫെഡറൽ കോടതിയിൽ ഹെയ്ൻസിനെതിരേ കേസ് കൊടുത്തിരിക്കുന്നത്.

കുട്ടികൾക്കുള്ള ഉത്പന്നങ്ങളായിരിക്കേ, തെറ്റിദ്ധാരണ പരത്തുന്ന അവകാശവാദങ്ങൾ ഉന്നയിച്ചാണ് ഉത്പന്നം മാർക്കറ്റ് ചെയ്യുന്നതെന്ന് എസിസിസി ചെയർമാൻ റോഡ് സിംസ് ആരോപിക്കുന്നു. പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ അച്ചടിച്ച് പുറത്തിറക്കുന്ന ഹെയ്ൻസ് ലിറ്റിൽ കിഡ്‌സിൽ പക്ഷേ ഇതിനു വിരുദ്ധമായ ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ചെറിയ കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും യഥാർഥ രുചി മനസിലാക്കുന്നതിന് ഉത്പന്നം വിലങ്ങുതടിയായി മാറിയിരിക്കുകയാണെന്നും സിംസ് ആരോപിക്കുന്നു.

ചെറിയ കുട്ടികൾക്കുള്ള ഫുഡ് പ്രൊഡക്ടുകളെ കുറച്ച് Obesity Policy Coalition-ന്റെ പരാതിയെ തുടർന്നാണ് എസിസിസി ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ഫ്രൂട്ട് ആൻഡ് വെജ് കൂടാതെ പീച്ച് ആപ്പിൾ ആൻഡ് വെഡ്, ബെറീസ് ആപ്പിൾ ആൻഡ് വെജ്, സ്‌ട്രോബറി ആൻഡ് ആപ്പിൾ വിത്ത് ഷിയാ സീഡ്‌സ് എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ ഹെയ്ൻസ് ലിറ്റിൽ കിഡ്‌സ് ഉത്പന്നങ്ങൾ ഇറങ്ങുന്നുണ്ട്.