കണ്ണൂർ: വാഹനത്തിന്റെ അൾട്ടറേഷനുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബേഴ്സായ ഇ ബുൾ ജെറ്റ് ബ്രദേഴ്സിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഹെലൻ ഓഫ് സ്പാർട്ട.

'ദയവ് ചെയ്ത് പ്രതികരിക്കുക. ഇത്രയും ഫേയ്മസ് ആയിട്ടുള്ള രണ്ട് യൂ ട്യൂബേർസിനെ ഇങ്ങനെ തെരുവു നായയെ പോലെ ട്രീറ്റ് ചെയ്യുന്നു എന്നുണ്ടെങ്കിൽ സാധാരണക്കാരെ ഇവരെങ്ങനെയായിരിക്കും ട്രീറ്റ് ചെയ്യുന്നത്,' ഹെലൻ ഓഫ് സ്പാർട്ട ചോദിച്ചു.

കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് കേട്ടിട്ടില്ലേ. ഇപ്പോൾ പ്രതികരിച്ചില്ല എന്നുണ്ടെങ്കിൽ വളരെ മോശമായിപ്പോവും. എന്താണ് ആ പാവങ്ങൾ ചെയ്ത തെറ്റ്. വണ്ടി മോദിഫൈ ചെയ്തതാണോ. വളരെ മോശമാണ് പൊലീസ് ചെയ്തത്. തോന്ന്യവാസവും ഗുണ്ടായിസവുമാണ്. വീഡിയോയിൽ അവരെ അടിക്കുന്നത് കൃത്യമായി കാണാണെന്നും ഹെലൻ ഓഫ് സ്പാർട്ട ചൂണ്ടിക്കാട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

മോട്ടോർ വാഹന വകുപ്പ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് വിസ്മയ കേസിലെ കിരണിനെയാണ്. അവനെ ഉള്ളിലാക്കാനൊന്നും ആരെയും കണ്ടില്ലല്ലോ എന്ത് തേങ്ങയാണിതെന്നും ഇടയ്ക്ക് രോഷാകുലയായി ഹെലൻ ഓഫ് സ്പാർട്ട ചോദിക്കുന്നുണ്ട്. അവരെ പിടിച്ചു കൊണ്ടു പോവുന്നത് കണ്ട മാധ്യമപ്രവർത്തകർക്കോ ജനങ്ങൾക്കോ പൊലീസിനെ തടഞ്ഞു കൂടായിരുന്നോ എന്ന് ഹെലൻ ഓഫ് സ്പാർട്ട ചോദിക്കുന്നു.

ഇന്നാണ് ഇ ബുൾ ജെറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർനടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആർടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആർടി ഓഫീസിൽ സംഘർഷമുണ്ടായത്. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആർടിഒയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.