തിരുവനന്തപുരം: പൊലീസിനായി ഹെലികോപ്റ്റർ വീണ്ടും വാടകയ്ക്ക് എടുക്കാനുള്ള ടെൻഡർ നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ നീക്കം. സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിക്കാൻ അനുമതിനൽകി സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കലിലെ വിവാദങ്ങൾ ഒഴിവാക്കും വിധമാകും പുതിയ ടെൻഡർ.

സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ കോവിഡ് പ്രതിസന്ധി കാലത്തു വൻ ധൂർത്തും ബാധ്യതയും വരുത്തിയെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ട് ഇത്തവണ ടെൻഡർ ക്ഷണിച്ച്, സ്വകാര്യ ഏജൻസികളിൽ നിന്നു കുറഞ്ഞ നിരക്കിൽ വാടകയ്‌ക്കെടുക്കാനാണു നീക്കം. നേരത്തെ അഴിമതി പഴി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനത്തിൽ നിന്നാണ് വാടകയ്ക്ക് എടുത്തത്. ഇതാണ് വില്ലനായത്.

മാവോവാദി ഭീഷണി നേരിടാനും പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കുമെന്ന പേരിലാണ് ഡൽഹി ആസ്ഥാനമായ പവൻഹംസിൽനിന്നു 11 സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ ആഭ്യന്തരവകുപ്പ് വാടകയ്ക്ക് എടുത്തത്. മാസം 20 മണിക്കൂറിന് ഒരുകോടി 44 ലക്ഷം രൂപയും അതിൽക്കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ മണിക്കൂറിന് നിശ്ചിത തുകയുമായിരുന്നു കരാർ.

രാജ്യസുരക്ഷയെ ബാധിക്കുന്നതുകൊണ്ടാണ് ടെൻഡർ നടപടി ഒഴിവാക്കി പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകി. ഇതിന്റെ പകുതിവാടകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്ന് വാഗ്ദാനവുമായി ചില കമ്പനികൾ സർക്കാരിനെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ജി.എസ്.ടി. ഉൾപ്പെടെ 22.2 കോടി രൂപയാണ് ഒരു വർഷം ചെലവായത്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്.

22.2 കോടി രൂപ പൊലീസ് ഫണ്ടിൽനിന്ന് ഈടാക്കിയതായി ആക്ഷേപം ഉയർന്നപ്പോൾ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിലപാടു മാറ്റി. ഇനി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കണമെങ്കിൽ ടെൻഡർ വഴിയാകണമെന്നും അതാണ് ലാഭമെന്നും കാണിച്ച് ജനുവരിയിൽ സർക്കാരിന് കത്തുനൽകിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ ടെൻഡർ നടപടികളിലേക്കു സർക്കാർ നീങ്ങുന്നത്.

ആദ്യ കോവിഡ് പ്രതിസന്ധിക്കിടെ 2020 ഏപ്രിലിലാണ് പൊതുമേഖലാ സ്ഥാപനം പവൻ ഹാൻസിൽ നിന്ന് ഒരു വർഷത്തേക്കു ഹെലികോപ്റ്റർ വാടക്യ്‌ക്കെടുത്തത്. വാടക മാത്രം പ്രതിമാസം ഒന്നരക്കോടി രൂപയായിരുന്നു. പാർക്കിങ് ഫീസ്, സംരക്ഷണം എന്നിവയെല്ലാം കണക്കാക്കുമ്പോൾ 22.3 കോടിയോളം രൂപയാണു കഴിഞ്ഞ വർഷം ചെലവാക്കിയത്. ഏപ്രിലിൽ കരാർ കാലാവധി അവസാനിച്ചു. വീണ്ടും കോപ്റ്റർ വേണമെന്ന ഡിജിപി അനിൽ കാന്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. കഴിഞ്ഞ തവണത്തേതു പോലെ ഇരട്ട എൻജിനും 12 സീറ്റുമുള്ള കോപ്റ്ററാണ് എടുക്കുന്നത്.

രാജ്യത്തെ പ്രധാന സംസ്ഥാനങ്ങൾക്കെല്ലാം ഹെലികോപ്റ്ററുണ്ടെന്നതും പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ പതിവാകുന്നതും വനപ്രദേശങ്ങൾ കൂടുതലുള്ളതുമെല്ലാമാണ് ഇതിനുവേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.