മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ പൈലറ്റിന് ഗുരുതര പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം.

മഹാരാഷ്ട്രയിലെ എൻ.എം.ഐ.എം.എസ് ഏവിയേഷൻ അക്കാദമിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്. രണ്ട് പൈലറ്റുമാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രണ്ടുപേരിൽ ആരായിരുന്നു ഹെല്‌കോപ്റ്റർ പറത്തിയിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.



സംഭവത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ദുഃഖം രേഖപ്പെടുത്തി. കോപ്റ്റർ പരിശീലകനെ നഷ്ടമായെന്നും പരിക്കേറ്റ പരിശീലനാർഥി ഉടൻ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാർഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളിലാണ് കോപ്റ്റർ തകർന്നുവീണത്. സംഭവം നടന്ന് ഒരു മണിക്കൂറിനകം പൊലീസും അധികൃതരും സ്ഥലത്തെത്തി.