യുക്രൈനിൽ നിന്ന് തിരിച്ചെത്തിയവർക്ക് തുടർപഠന സഹായം; 10 കോടി ബജറ്റിൽ വകയിരുത്തി;വിദേശത്തെ മലയാളി വിദ്യാർത്ഥികളുടെ ഡാറ്റാബാങ്ക്;ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമാറ്റം; ഹ്രസ്വകാല കോഴ്സുകൾക്ക് 20 കോടി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വിദേശരാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോർക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ യുക്രൈനിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റാബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
യുദ്ധഭൂമിയിൽ നിന്ന് 3123 പേരെ 15 ചാർട്ടേർഡ് വിമാനങ്ങളിൽ ഉൾപ്പെടെ സുരക്ഷിതമായി കേരളത്തിൽ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റങ്ങൾക്കാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പട്ട മാറ്റങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാല ക്യാംപസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും. സർവ്വകലാശാല ക്യാംപസുകളോട് ചേർന്ന് സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ യൂണിറ്റ് ആരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി.ഹ്രസ്വകാല കോഴ്സുകൾക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.
ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകളും 1500 പുതിയ ഹോസ്റ്റൽ മുറികളും നിർമ്മിക്കും.തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം ആരംഭിക്കും. അതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കും. സ്കിൽ പാർക്കുകൾക്ക് 350 കോടി. 140 മണ്ഡലങ്ങളിലും സ്കിൽ കേന്ദ്രങ്ങൾ ലഭിക്കും. മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 150 കോടിയും മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടിയും ഗ്രാഫീൻ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടിയും വകയിരുത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ