- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് കേസിൽ കുടുങ്ങിയ മലയാളിയാണോ നിങ്ങൾ? എങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ നിയമസഹായത്തിനായി നോർക്ക രണ്ട് ലക്ഷം നൽകും
തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്കു നിയമപിന്തുണ നൽകാൻ സംസ്ഥാന സർക്കാർ രണ്ടുലക്ഷം രൂപ വരെ സഹായധനം നൽകുന്ന പദ്ധതി നോർക്കയുടെ നേതൃത്വത്തിൽ ആരംഭിച്ചു. കേസുകളിൽ കുടുങ്ങി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് നിയമസഹായം. സ്വന്തം തെറ്റുകൊണ്ടല്ലാതെ നിയമക്കുരുക്കിൽപ്പെടുന്നവർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിശദ വ
തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്കു നിയമപിന്തുണ നൽകാൻ സംസ്ഥാന സർക്കാർ രണ്ടുലക്ഷം രൂപ വരെ സഹായധനം നൽകുന്ന പദ്ധതി നോർക്കയുടെ നേതൃത്വത്തിൽ ആരംഭിച്ചു. കേസുകളിൽ കുടുങ്ങി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് നിയമസഹായം. സ്വന്തം തെറ്റുകൊണ്ടല്ലാതെ നിയമക്കുരുക്കിൽപ്പെടുന്നവർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിശദ വിവരങ്ങൾ നോർക്കയുടെ ഹെൽപ് ഡെസ്‌കിൽനിന്നു ലഭിക്കും. ടോൾഫ്രീ നമ്പർ ഇന്ത്യയിൽനിന്ന്: 18004253939. വിദേശ രാജ്യങ്ങളിൽനിന്ന്: 00914712333339.
ക്രിമിനൽ കേസുകൾക്കു സഹായം ലഭിക്കാനുള്ള സാധ്യതയില്ലെങ്കിലും അപേക്ഷ എംബസിയുടെ നിർദേശപ്രകാരം പരിഗണിക്കും. ഗൾഫ് നാടുകളിൽ കുടുങ്ങിയവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ എല്ലാ വിദേശ രാജ്യങ്ങളിലെയും പ്രവാസികൾക്കു പദ്ധതി പ്രയോജനപ്പെടുത്താം. നേരത്തേ ആരംഭിച്ച നോർക്കയുടെ 'പ്രവാസി ലീഗൽ എയ്ഡ് സെൽ' സംവിധാനത്തിലൂടെയാണു സഹായം. പദ്ധതിയിലൂടെ, പ്രവാസികളെ നിയമപരമായി സഹായിക്കാൻ സാമ്പത്തിക സഹായം നൽകുന്ന ആദ്യ സംസ്ഥാനമാകുകയാണു കേരളം.
ഗൾഫ് നാടുകളിൽ കുടുങ്ങിയവർക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അതത് രാജ്യത്തെ നിയമ വിദഗ്ദ്ധർക്കു മാത്രമേ കഴിയൂ. അവർ കേസ് വാദിക്കുന്നതിലൂടെ മലയാളി പ്രവാസിക്കു വരുന്ന ചെലവു വഹിക്കുകയാണ് ലക്ഷ്യം. കുടുങ്ങിയ ആൾക്കു നേരിട്ടോ ബന്ധുക്കൾക്കോ അവർ ഏൽപ്പിക്കുന്ന അംഗീകൃത സംഘടനകൾക്കോ നോർക്കയിൽ അപേക്ഷ നൽകാം. കേസിന്റെ ചെലവ് രണ്ടു ലക്ഷത്തിൽ താഴെയാണെങ്കിൽ ബിൽ തുക പൂർണമായും നൽകും. രണ്ടു ലക്ഷം കവിയുന്ന കേസ് ആണെങ്കിൽ രണ്ടു ലക്ഷം രൂപയാണു നൽകുക.
നോർക്കയിൽ കിട്ടുന്ന അപേക്ഷകൾ പ്രാഥമിക അന്വേഷണത്തിനുശേഷം ഇന്ത്യൻ എംബസിയുടെ പരിശോധനയ്ക്ക് അയയ്ക്കും. എംബസിയുടെ അനുമതി ലഭിക്കുന്നതോടെ തുക നൽകും. ഗൾഫ് രാജ്യങ്ങളിൽനിന്നു നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങിയവരുടെ പരാതികൾ ഏറെയുണ്ട്. വിദേശ രാജ്യങ്ങളിൽ സർക്കാറിനു നേരിട്ട് ഇടപെടാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് നിയമപരമായ സഹായം നൽകുന്നത്.