ന്യൂഡൽഹി: ഐപിഎൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന ലളിത് മോദിക്ക് വേണ്ടി സുഷമ സ്വരാജ് ഇടപെട്ടെന്ന് ആരോപണം. ഐപിഎൽ മുൻ കമ്മീഷണറായ ലളിത് മോദിയെ വിദേശത്തേക്ക് കടക്കാൻ സുഷമ സ്വരാജ് സഹായിച്ചുവെന്നാണ് ആരോപണം. യുപിഎ സർക്കാറിന്റെ കാലത്ത് നടന്ന സംഭവമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. സംഭവത്തെ തുടർന്ന് കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എന്നാൽ, ആരോപണങ്ങൾ സുഷമ നിഷേധിച്ചു.

2014ൽ യു.പി.എ സർക്കാരിന്റെ കാലത്ത് മോദിക്ക് പോർച്ചുഗലിലേക്ക് പോവാൻ യാത്രാരേഖകൾ ശരിയാക്കുന്നതിന് സുഷമ സഹായിച്ചതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. എന്നാൽ, മോദിയെ താൻ വഴി വിട്ട് സഹായിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാർത്ഥം വിദേശത്ത് പോവാൻ മാനുഷിക പരിഗണന വച്ച് സഹായിക്കുകയാണ് ചെയ്തതെന്നും സുഷമ ട്വിറ്ററിലൂടെ വിശദീകരിച്ചു. ലണ്ടനിൽ താമസിക്കുകയായിരുന്ന മോദിക്കെതിരെ ഐ.പി.എൽ ക്രമക്കേടുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി കേയ്ത് വാസാണ് മോദിക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. ഇതിനായി വാസ്, സുഷമാ സ്വരാജിനു മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു എന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മോദിയുടെ ഭാര്യ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ആഗസ്റ്റിൽ പോർച്ചുഗലിൽ വച്ച് അവർക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളിൽ ഒപ്പുവയ്ക്കുന്നതിന് തന്റെ സാന്നിദ്ധ്യം വേണമെന്നും യാത്രയ്ക്കാവശ്യമായ രേഖകൾ ലണ്ടനിൽ നൽകിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. മനുഷ്യത്വപരമായ നിലപാടിന്റെ ഭാഗമായാണ് താൻ സഹായം നൽകിയത് എന്നാണ് സുഷമ സ്വരാജിന്റെ വിശദീകരണം.

അതേസമയം, ഇന്ത്യൻ സർക്കാരിന് ലളിത് മോദിയുടെ വിദേശയാത്രയിൽ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നുവെന്ന് വാസ് ബ്രിട്ടനിലെ ഇമിഗ്രേഷൻ ഓഫിസിലേക്കയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ബ്രിട്ടനിലെ നിയമപ്രകാരം മോദിയുടെ യാത്രാ രേഖകൾ പരിശോധിച്ച് അനുമതി നൽകാവുന്നതാണ് എന്നാണ് ഹൈക്കമ്മിഷണറോട് താൻ പറഞ്ഞിരുന്നതെന്ന് സുഷമ വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന ലളിത് മോദിയെ സഹായിച്ച വിദേശ കാര്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും കോണ്ഡഗ്രസ്സ് വക്താവ് ഷക്കീൽ അഹമ്മദ് ആവശ്യപ്പെട്ടു.ജെ.ഡി.യു ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും സുഷമായുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. തിരഞ്ഞെടുപ്പ് വേളയിൽ സുഷമയുടെ ഭർത്താവ് സ്വരാജ് കൗശലിനെ ലളിത് മോദി സഹായിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.