തിരുവനന്തപുരം: മതത്തിന്റെ പേരിൽ എന്തെങ്കിലും കിട്ടിയാൽ പരസ്പരം പോരാടാൻ ഒരു വിഷയംകിട്ടിയതുപോലെ ചാടിവീഴുന്നവരാണ് പലരും. സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ചും ദിവസവും ഇത്തരം വാക്‌പോരും കടിച്ചുകീറലും പതിവാണുതാനും. അപ്പോഴും ജാതി-മത ചിന്തകൾക്ക് അപ്പുറത്ത് നന്മയുടെയും സ്‌നേഹത്തിന്റേയും പരസ്പര സഹായത്തിന്റെയും നറുദീപങ്ങൾ കെടാതെ നിൽക്കുന്നുണ്ട് നമ്മുടെ സമൂഹത്തിൽ. അതിനൊരു ഉദാഹരണമായി മാറുന്നു പ്രവാസിയായ ഉസ്മാൻ ഇരിങ്ങാട്ടിരി ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പ്.

മലപ്പുറം ജില്ലയിലാണ് സംഭവം. നഴ്‌സിങ് വിദ്യാർത്ഥിയാണ് സത്യവാണി. പിതാവ് വി ടി രമേശിന്റെ അപ്രതീക്ഷിത വിയോഗം ആ കുടുംബത്തിന് മേൽ ഇടിത്തീയായി മാറി. മംഗലാപുരത്തെ സ്വകാര്യ കോളേജിൽ പഠനം തുടരാൻപോലും പറ്റാത്ത സ്ഥിതിയായി. പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി പണമെല്ലാം ചെലവായതും ബാങ്ക് ലോൺതിരിച്ചടയ്ക്കാൻ പറ്റാതെ വന്നതുമെല്ലാം ആ കുടുംബത്തെ പെരുവഴിയിലാക്കുന്ന സ്ഥിതി വന്നു. അമ്മ ശാന്തയും അനുജൻ വിഘ്‌നേഷിനുമൊപ്പം അവർ മുട്ടാത്ത വാതിലുകളില്ല. ഒരിടത്തുനിന്നും സഹായം കിട്ടിയില്ല. ഫീസടച്ചില്ലെങ്കിൽ സത്യവാണിയുടെ പഠനം തന്നെ മുടങ്ങുന്ന സ്ഥിതി. പള്ളീൽ പോയി പറയ് എന്നത് നാട്ടുമ്പുറത്തെ ഒരു ചൊല്ലാണ്.

നാട്ടുകാരിലൊരാൾ അത്തരത്തിൽ പറഞ്ഞതോടെ ശാന്തയും മക്കളും അതുതന്നെ ചെയ്തു. അടുത്തുള്ള മഹല്ല് കമ്മിറ്റിയിൽ ചെന്ന് വിഷയം അവതരിപ്പിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ അവർ കമ്മിറ്റിയിൽ അംഗമായ ഒരു ഉദാരമതിയുടെ സഹായതോടെ ആ കുടുംബത്തെ സഹായിച്ചു. കോളേജിൽ ഫീസിനത്തിലെ കടബാധ്യതകൾ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു. അവർ സഹായം നൽകുന്ന ചിത്രം സഹിതമാണ് ഉസ്മാൻ ഇരിങ്ങാട്ടിരി ഫേസ്‌ബുക്ക് കുറിപ്പ് നൽകിയത്. നിലനിൽക്കട്ടേ മനുഷ്യ സ്‌നേഹവും മാനവികതയും തുടരട്ടേ മഹനീയമായ ഇത്തരം മാതൃകകൾ എന്നു പറഞ്ഞാണ് ഉസ്മാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്രകാരം:

തമാശയായോ കളിയാക്കിയോ പൊതുവേ പറയാറുള്ള ഒരു പ്രയോഗമാണ് 'പള്ളീ പോയി പറയ് ' എന്നത്..

ആ പ്രയോഗം എങ്ങനെ വന്നു എന്നറിയില്ല . എന്നാൽ പള്ളിയിൽ പോയി പറഞ്ഞാലും ചിലതൊക്കെ നടക്കും എന്നതിന് മലപ്പുറം ജില്ലയിലെ രാമപുരത്ത് നിന്നും വന്ന , ഒരു വേറിട്ട വാർത്ത തെളിയിച്ചിരിക്കുകയാണ് . കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശിന്റെ മൂത്തമകൾ സത്യവാണി നഴ്‌സിങ് വിദ്യാർത്ഥിയാണ് . മംഗലാപുരത്തെ ഒരു സ്വകാര്യ നഴ്‌സിങ് കോളേജിലാണ് സത്യവാണി പഠിക്കുന്നത് . കോളേജിലെ വാർഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.

ദൗർഭാഗ്യകരമെന്ന് പറയട്ടേ, പഠനം ആരംഭിച്ച ഉടനെ രോഗിയായിരുന്ന അവളുടെ അച്ഛൻ മരിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും അവളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകർത്തു കളഞ്ഞു. സത്യവാണിയുടെ പഠനം മുടങ്ങുന്ന അവസ്ഥവരെയെത്തി. ഫീസ് അടക്കാത്ത കാരണത്താൽ കോളേജിൽ നിന്ന് പുറത്താക്കൽ ഭീഷണി വരെ വന്നു . സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരൻ വിഗ്‌നേഷും സഹായത്തിനായി പലവാതിലും മുട്ടി . പലയാളുകളെയും കണ്ടു . നിരാശ മാത്രമായിരുന്നു ഫലം .

ഒടുവിൽ ഒരു അയൽക്കാരനാണ് ശാന്തയോട് പള്ളിയിൽ പോയി പറയാൻ പറഞ്ഞത് . അങ്ങനെയാണ് ശാന്ത സത്യവാണിയുടെ കയ്യും പിടിച്ച് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി പള്ളിയിലെത്തുന്നത് .ശാന്ത വിഷയങ്ങൾ കമ്മറ്റി അധികൃതരെ അറിയിച്ചു . ഉടനെ കമ്മിറ്റിയിലെ ഒരു ഉദാരമതിയുടെ സഹായത്തോടെ കോളേജിലെ ഫീസ് ഇനത്തിലുള്ള കടബാധ്യതകൾ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു.

മഹല്ല് പ്രസിഡണ്ട് എൻ.മുഹമ്മദ് മുസ്ല്യാർ , ഖത്തീബ് അശ്‌റഫ് ഫൈസി മുള്ള്യാകുർശി, സെക്രട്ടറി കല്ലൻ കുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ ഹംസ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറുന്ന ഫോട്ടോയാണ് ഇതോടൊപ്പം. ഇതരമതക്കാരായതിന്റെ പേരിൽ പരസ്പര വിദ്വേഷവും പകയും അക്രമവും കൊലപാതകങ്ങൾ വരെയുള്ള നടക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം നന്മ മുറ്റിയ വാർത്തകൾ ഉളവാക്കുന്ന സന്തോഷവും ആശ്വാസവും തെല്ലൊന്നുമല്ല ..!