മിക്കവർക്കും നിത്യജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രണ്ടു പദാർത്ഥങ്ങളാണ് പഞ്ചസാരയും മദ്യവും. ഇവ നുകരാതെ എന്ത് ജീവിതമെന്നാണ് മിക്കവരും ചോദിക്കുന്നത്. അതായത് ഇത്തരക്കാർ ഈ വസ്തുക്കൾക്ക് തീർത്തും അടിമകളായെന്ന് ചുരുക്കം. എന്നാൽ ഇവ രണ്ടും ആരോഗ്യകരമായ ജീവിതത്തിന്റെ ശത്രുക്കളാണെന്ന് ആർക്കാണറിയാത്തത്. എന്നാൽ ഇവയെ ഒഴിച്ച് നിർത്താൻ മിക്കവർക്കും സാധിക്കുന്നുമില്ല. ഒരു മാസക്കാലമെങ്കിലും ഒരു പരീക്ഷണം പോലെ ഇവയെ വർജിച്ച് നോക്കൂ. ഫലം അത്ഭുതകരമായിരിക്കും. ഒരു മാസം പഞ്ചസാരയും മദ്യവും ഉപേക്ഷിച്ചാൽ നിങ്ങളുടെ ശരീരത്തിൽ എന്തു സംഭവിക്കും...? എന്ന് തെളിയിക്കാൻ ഡച്ച് കാരനായ സാച്ച ഹാർലാൻഡ് സ്വന്തം ശരീരം പരീക്ഷണവസ്തുവാക്കിയിരുന്നു. അതിലൂടെ തന്റെ ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങളാണ് കൈവന്നതെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ആറ് മിനുറ്റുള്ള ലൈഫ്ഹണ്ടേർസ് വീഡിയോ ഇദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലൂടെ തന്റെ ശരീഭാരം 10 പൗണ്ട് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിന് പുറമെ കൊളസ്‌ട്രോളിന്റെയും ബ്ലഡ് ഷുഗർ ലെവലിന്റെയും തോത് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും സാച്ച ഹാർലാൻഡ് പറയുന്നു.ഇതിന് പുറമെ രക്തസമ്മർദത്തിലും കുറവുണ്ടായിരുന്നു.

പഞ്ചസാര നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാമെങ്കിലും അധികമാരും അത് കുറയ്ക്കാനുള്ള ഫലപ്രദമായ നടപടികളൊന്നും ഡയറ്റിന്റെ ഭാഗമാക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മദ്യവും പഞ്ചസാരയും വർജിച്ച് കൊണ്ടുള്ള സാച്ചയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്ന വീഡിയോ അദ്ദേഹത്തിന്റെ ഇതുമായി ബന്ധപ്പെട്ട വൈകാരിക യാത്ര കൂടിയാണ് നമുക്ക് അനുഭവിപ്പിച്ച് തരുന്നത്. സെപ്റ്റംബറിലാണ് ഒരു മാസം നീണ്ടു നിന്ന തന്റെ പരീക്ഷണംഈ 22 കാരൻ അവസാനിപ്പിച്ചത്.

വീണ്ടും പഞ്ചസാര കഴിക്കാൻ തുടങ്ങി ഒന്നര ആഴ്ചക്കുള്ളിൽ തനിക്ക് പലവിധ അസ്വസ്ഥതകൾ വീണ്ടും ആരംഭിച്ചതായും സാച്ച സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉറക്കത്തിന് പ്രശ്‌നങ്ങള് നേരിടാനും തുടങ്ങി. പുലർച്ചെ മൂന്ന് മണിക്കോ നാല് മണിക്കോ മുമ്പ് ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ തിരിച്ച് വന്നുവെന്നും അദ്ദേഹം പറയുന്നു.

പഞ്ചസാര ഉപേക്ഷിച്ച് ആദ്യദിവസങ്ങളിൽ തനിക്ക് കാരണമില്ലാതെ ദേഷ്യം തോന്നിയിരുന്നുവെന്നാണ് സാച്ച പറയുന്നത്.ജീവിതംകൂടുതൽ വിഷമകരമാവുകയും ചെയ്തു. സാധാരണപോലെ തനിക്ക് ഭക്ഷണം കഴിക്കാനും സാധിച്ചില്ലെന്ന് സാച്ച പറയുന്നു. എന്നാൽ ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം ഈ ശീലം അനായാസമായും സുഖകരമായും തീർന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ബ്രേക്ക് ഫാസ്റ്റിന് തന്റെ ഇഷ്ടവിഭവങ്ങളായ ബർഗരും പീനട്ട് ബട്ടറും വർജിക്കേണ്ടി വന്നത് അത്യധികമായ പ്രയാസമുണ്ടാക്കിയെന്നും സാച്ച പറയുന്നു. ഒരു മാസത്തിനിടെ സാച്ച ഐസ് ടീ, ടൊമാറ്റോ സൂപ്പ്, സ്റ്റിൽ ഫ്രൈ സോസ് തുടങ്ങിയ പഞ്ചസാരയുടെ ആധിക്യമുള്ള ആഹാരവസ്തുക്കളെല്ലാം ഉപേക്ഷിച്ചിരുന്നു.

വളരെ പ്രയാസപ്പെട്ടാണെങ്കിലും തന്റെ പരിശ്രമവും പരീക്ഷണവും വിജയത്തിലെത്തിക്കാൻ സാച്ച കഠിനപ്രയത്‌നമാണ് ചെയ്തത്. ആദ്യ ദിവസം ഫസ്റ്റ് മീലിന് സാച്ച ഒരു ബൗൾ പഴങ്ങൾ, കുറച്ച് മുട്ട, യോഗർട്ട്, എന്നിവയാണ് കഴിച്ചത്. പഞ്ചസാര കലർന്ന ഭക്ഷണത്തെ തീർത്തും ഒഴിവാക്കി നല്ല പച്ചക്കറികൾ, പഴങ്ങൾ, വെള്ളം തുടങ്ങിയവ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. നാലാം ദിവസം പുതിയ ഡയറ്റ് തന്നിൽ ചെറിയ തോതിൽ മാറ്റങ്ങളുണ്ടാക്കുന്നതായി അനുഭവിക്കാൻ സാധിച്ചതായി സാച്ച വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. അതിനിടെ ഒരു ഡയറ്റീഷ്യനെ സന്ദർശിച്ച് പഞ്ചസാര ശരീരത്തിലുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഇദ്ദേഹം മനസിലാക്കുന്നുമുണ്ട്. ഈ ദിവസങ്ങളിലുണ്ടായ തന്റെ വികാരവിചാരങ്ങൾ വെളിപ്പെടുത്താൻ സാച്ച ഒരു വീഡിയോ ഡയറിയും തയ്യാറാക്കിയിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുമ്പോഴാണ് തന്റെ പതിയ ഡയറ്റ് പാലിക്കാൻ താനേറെ പാടുപെട്ടതെന്നാണ് സാച്ച വെളിപ്പെടുത്തുന്നത്. പരീക്ഷണത്തിന്റെ ഫലമായി തന്റെ രക്തസമ്മർദം 135/ 75ൽ നിന്നും 125/ 75 ആയി ചുരുങ്ങിയതായും കൊളസ്‌ട്രോൾ ലെവൽ 4.6 ൽ നിന്നം 4 ആയി താഴ്ന്നതായും സാച്ച സാക്ഷ്യപ്പെടുത്തുന്നു.

50 ശതമാനം ഗ്ലൂക്കോസ്, 50ശതമാനം ഫ്രൂക്ടോസ് എന്നിവ കൊണ്ടാണ് പഞ്ചസാര നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന് തീരെ പോഷകമൂല്യമില്ലെന്നറിയുക.കൃത്രിമമായ പഞ്ചസാര കഴിക്കാതെ മനുഷ്യന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകും എന്നിരിക്കെയാണ് നാം കൂടുതലായി പഞ്ചസാര അകത്തെക്കിക്കുന്നത്. പ്രകൃതിപരമായ ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ പഞ്ചസാര ലഭിക്കുന്നുവെന്നിരിക്കെയാണ് നാം വിഷമയമായ കൃത്രിമ പഞ്ചസാര കഴിക്കുന്നതെന്ന് മിക്കവർക്കുമറിയില്ല. കൃത്രിമമായ പഞ്ചസാര ഒഴിവാക്കുന്നതിലൂടെ പലവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നമുക്ക് അകന്ന് നിൽക്കാൻ സാധിക്കും. സാച്ച നടത്തിയ പരീക്ഷണം നമുക്കെല്ലാം പഞ്ചസാരയെ എന്നെന്നേക്കുമായി വർജിക്കാൻ നമുക്കെല്ലാം പ്രചോദനമായി വർത്തിക്കണം.