ന്യൂഡൽഹി: ഡോക്ടറായിരുന്നു ഹർഷവർദ്ദൻ. സാധാരണക്കാരന്റെ മനസ്സ് അടുത്തറിഞ്ഞ നേതാവ്. എന്നിട്ടും ആരോഗ്യ വകുപ്പിൽ നിന്ന് ഹർഷവർദ്ദൻ പുറത്തു പോയി. കോവിഡിനെ ചെറുക്കുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ ഒരുക്കുന്നതിലുണ്ടായ പോരായ്മയാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. ബിജെപി ഇക്കാര്യത്തിൽ മൗനത്തിലാണ്. ഏതായാലും പുതിയ ആരോഗ്യമന്ത്രിയിൽ നിന്ന് കൂടുതൽ ശാസ്ത്രീയ സമീപനമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യ ദിനത്തിൽ തന്നെ പുറത്തു വരുന്നത് അന്ധവിശ്വാസത്തിന്റെ സൂചനകളാണ്.

ചുമതലയേൽക്കുന്നതിന്റെ ഭാഗമായി ഓഫിസിൽ പ്രത്യേക പൂജ നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വാർത്തകളിൽ എത്തുന്നു.. മന്ത്രി കസേരയിൽ ചരട് ജപിച്ച്‌ െകട്ടുകയും ചെയ്തു. കോവിഡ് പ്രതിസന്ധി വലിയ തോതിൽ രാജ്യത്തെ ബാധിക്കുമ്പോഴാണ് ഡോ. ഹർഷ് വർധനെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യം മാണ്ഡവ്യയെ ഏൽപ്പിക്കുന്നത്. പുതിയ ആരോഗ്യമന്ത്രി കസേരയിൽ മന്ത്രച്ചരട് കെട്ടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതു കൊണ്ട് രാജ്യത്തിന് ഗുണമുണ്ടാകില്ലെന്നതാണ് വിമർശനം. ഗുജറാത്തിൽ പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം ചേർന്ന് നിന്ന് പ്രവർച്ചിച്ച വ്യക്തിയാണ് മാണ്ഡവ്യ. ഈ ലോബിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴത്തെ സ്ഥാന മാറ്റവും.

ഭിന്നതാൽപര്യങ്ങളുള്ള ആരോഗ്യ, രാസവള മന്ത്രാലയങ്ങളുടെ തലപ്പത്ത് ഒരേ ആൾ എത്തുന്നത് ഇതാദ്യമാണ്. മാണ്ഡവ്യയ്ക്കാണ് ഇരുവകുപ്പുകളുടെയും ചുമതല നൽകുന്നത്. കോവിഡ് സാഹചര്യത്തിൽ 2 മന്ത്രാലയങ്ങളും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന ന്യായം സർക്കാർ വൃത്തങ്ങൾ ഉയർത്തുമ്പോഴും ഭിന്നതാൽപര്യങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നു കരുതുന്നവരുണ്ട്. ആരോഗ്യസേവനത്തിനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഊന്നലെങ്കിൽ രാസവള മന്ത്രാലയത്തിനു മരുന്നുകമ്പനികളുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കേണ്ടി വരും. ആരോഗ്യ വകുപ്പിന് പ്രത്യേക മന്ത്രിയുടെ ആവശ്യം ഈ ഘട്ടത്തിലുണ്ട്. അതിനിടെയാണ് രണ്ട് വകുപ്പിന് ഒരാളെത്തുന്നതെന്നതും വിവാദങ്ങൾക്ക് പുതിയ തലം നൽകും. കോവിഡിൽ ഇനിയുണ്ടാകുന്ന പിഴവുകൾക്കെല്ലാം ഇതു ചർച്ചയാവുകയും ചെയ്യും.

ആരോഗ്യ, വകുപ്പിനെക്കുറിച്ച് വ്യക്തമായി പഠിച്ചു തന്നെയാണ് മാണ്ഡവ്യ സ്ഥാനം ഏറ്റെടുത്തത് എന്നാണ് ബിജെപി പറയുന്നത്ം. കഴിഞ്ഞ ആറു ദിവസമായി മാണ്ഡവ്യ രാജ്യത്തെ പ്രമുഖ വാക്‌സീൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയായിരുന്നു. വളം, കെമിക്കൽ വകുപ്പുകളുടെ സഹമന്ത്രിയായ മാണ്ഡവ്യ ആരോഗ്യ വകുപ്പിലേക്കെത്തും മുൻപുള്ള ഒരുക്കമായാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് (പുണെ), സൈഡസ് (അഹമ്മദാബാദ്), കോവാക്‌സീൻ (അഹമ്മദാബാദ്) എന്നീ കമ്പനികളുടെ കേന്ദ്രങ്ങളിലാണ് മാണ്ഡവ്യ എത്തിയത്. എന്നാൽ പൂജ കുറച്ചു കൂടിപോയി എന്ന അഭിപ്രായം ബിജെപിക്കാർക്കു പോലുമുണ്ട്.

ഗുജറാത്ത് കാർഷിക സർവകലാശാലയിൽനിന്ന് വെറ്ററിനറി സയൻസിൽ ബിരുദം നേടിയ ആളാണ് മാണ്ഡവ്യ. പിന്നീട് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തിളങ്ങിയ മാണ്ഡവ്യ ബിജെപിയിലൂടെ നേതൃനിരയിലെത്തി. 2002ൽ 28-ാം വയസ്സിൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. 2016ൽ കേന്ദ്രമന്ത്രിസഭയിലേക്ക് അവസരം ലഭിച്ചു. മോദി സർക്കാരിൽ ഗതാഗതം, തുറമുഖം, കെമിക്കൽ, വളം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിട്ടായിരുന്നു മാണ്ഡവ്യയുടെ വരവ്. പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടുമുള്ള വിശ്വസ്തത മാണ്ഡവ്യയ്ക്ക് കാബിനറ്റ് മന്ത്രി പദവി നേടിക്കൊടുത്തു.

ഈ വർഷം തന്നെ എല്ലാവർക്കും വാക്‌സീൻ നൽകുമെന്ന പ്രഖ്യാപനമുൾപ്പെടെ കോവിഡ്കാല വെല്ലുവിളികൾ നിലനിൽക്കെ, മൻസുഖ് മാണ്ഡവ്യ തന്നെ മരുന്ന്‌വാക്‌സീൻ കമ്പനികളുടെ കാര്യം നോക്കുന്നത് ഗുണം ചെയ്യുമെന്നാണു സർക്കാർ പക്ഷം. എന്നാൽ, വാക്‌സീൻ ഉൾപ്പെടെ കോവിഡ് ഗവേഷണത്തിൽ കൂടുതൽ സഹായിക്കുന്ന ശാസ്ത്ര സാങ്കേതിക ബയോടെക്‌നോളജി വകുപ്പ് മൻസൂഖിന് നൽകിയതുമില്ല. യുപിഎ സർക്കാരിന്റെ കാലത്ത് ഉന്നതതല വിദഗ്ധ സമിതി ആസൂതണ കമ്മിഷനു നൽകിയ റിപ്പോർട്ടിലേതാണ് ശുപാർശയെന്നും ഇരു മന്ത്രാലയങ്ങളും ഒരേ മന്ത്രിക്കു കീഴിലാകുന്നതു ഗുണം ചെയ്യുമെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ ഡോ. കെ. ശ്രീനാഥ് റെഡ്ഡി പറഞ്ഞു.

മരുന്നുൽപാദനത്തെ ആളുകളുടെ രോഗപരിഹാര ആവശ്യം എന്ന നിലയിലാണ് കാണേണ്ടത്. ഇക്കാര്യത്തിൽ രാജ്യത്തിന്റെ ആവശ്യം എന്താണെന്നു മനസ്സിലാക്കി മേൽനോട്ടം നൽകാൻ ഫാർമസ്യൂട്ടിക്കൽസ് ആരോഗ്യമന്ത്രിക്കു കീഴിലാകുന്നതു ഗുണം ചെയ്യും. മരുന്നിന്റെ ഗുണമേന്മയും ഫലപ്രാപ്തിയും പോലുള്ള കാര്യങ്ങൾ മാത്രമല്ല, ലഭ്യത ഉറപ്പുവരുത്തേണ്ടതും ആരോഗ്യമന്ത്രാലയത്തിന്റെ കൂടി ചുമതലായാകുമെന്നതാണു പ്രധാന നേട്ടം.- ഡോ. റെഡ്ഡി പറഞ്ഞു.