- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലത്തെയും കുടുംബത്തിലെയും പ്രശ്‌നങ്ങൾ നിങ്ങളെ ഭ്രാന്തന്മാരാക്കുന്നോ? മാനസിക രോഗികൾ ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ
ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും പരമപ്രധാനം. മനസ്സിന് സന്തോഷമില്ലെങ്കിൽ എത്ര സമ്പത്തുണ്ടായാലും എത്ര ഉയർന്ന നിലയിൽ ജീവിച്ചാലും കാര്യമില്ല. ജോലി സ്ഥലത്തെയും വീട്ടിലെയും സംഘർഷങ്ങൾ ഒരാളുടെ മാനസികാരോഗ്യത്തെ നിർണായകമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നു. മനസ്സന്തോഷത്തോടെ ജീവിക്കുന്നതിന് മനസ്സിൽവെക്കേണ
ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും പരമപ്രധാനം. മനസ്സിന് സന്തോഷമില്ലെങ്കിൽ എത്ര സമ്പത്തുണ്ടായാലും എത്ര ഉയർന്ന നിലയിൽ ജീവിച്ചാലും കാര്യമില്ല. ജോലി സ്ഥലത്തെയും വീട്ടിലെയും സംഘർഷങ്ങൾ ഒരാളുടെ മാനസികാരോഗ്യത്തെ നിർണായകമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നു. മനസ്സന്തോഷത്തോടെ ജീവിക്കുന്നതിന് മനസ്സിൽവെക്കേണ്ട 11 കാര്യങ്ങളാണ് ഇനി പറയുന്നത്.
മറ്റുള്ളവരിൽനിന്ന് അകന്നു ജീവിക്കുന്നതാണ് മനസ്സിലെ ഒറ്റപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന്. ജോലി സ്ഥലത്തായാലും വീട്ടിലായാലും മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കുന്നില്ലെങ്കിൽ ശ്രദ്ധിക്കണം. സമൂഹത്തിലും വീട്ടിലും ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കണം. ഉറ്റവർക്കൊപ്പം ചെലവിടാൻ കൂടുതൽ സമയം കണ്ടെത്തണം.
ജോലിയിൽമാത്രം വ്യാപൃതമാകുന്നതും മനസ്സിനെ സന്തോഷിപ്പിക്കില്ല. എങ്ങനെയും ജോലി ചെയ്തുതീർക്കുന്നതിന് പകരം അത് ആസ്വദിച്ച് ചെയ്യാൻ തയ്യാറാകണം. അതിനൊപ്പം ഹോബികളിൽ മുഴുകകയും വേണം. കുടുംബവുമൊത്ത് പാർക്കിൽ പോവുകയോ പുസ്തകം വായിക്കുകയോ കുട്ടികളുമായും വളർത്തുമൃഗങ്ങളുമായും കളിക്കുകയോ ചെയ്യണം.
ശരീരത്തെക്കുറിച്ചും ശ്രദ്ധവേണം. വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും ശരീരത്തെ എപ്പോഴും ഫിറ്റ് ആക്കി നിർത്തണം. ജിംനേഷ്യത്തിൽപ്പോയി വ്യായാമം ചെയ്താൽ മാത്രമേ ആരോഗ്യമുള്ള ശരീരം ലഭിക്കൂ എന്ന് കരുതേണ്ടതില്ല. പൂന്തോട്ടം ഉണ്ടാക്കലും നൃത്തം ചെയ്യലും അവധിയെടുത്ത് യാത്ര ചെയ്യലുമൊക്കെ മനസ്സിനെ സന്തോഷത്തോടെ നിർത്തും.
ഒരു നല്ല കാര്യം ചെയ്താൽ സ്വയം അഭിമാനിക്കുന്നതിൽ തെറ്റില്ല. അതുപോലെ മറ്റൊരാൾ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നതും സ്വയം ഊർജം പകരും. ജീവിതത്തെ പോസിറ്റീവായി കാണാൻ ഇത് പ്രേരിപ്പിക്കും. മറ്റുള്ളവരെ അഭിനന്ദിക്കാൻ തയ്യാറാകുന്നത് അവരെപ്പോലെ ജീവിത വിജയം നേടണമെന്ന ആഗ്രഹം മനസ്സിലുണർത്തും.
ജീവിതത്തെ ചിരിയോടെ നേരിടുകയെന്നതാണ് മറ്റൊരു പോംവഴി. പോസിറ്റീവായി ചിന്തിക്കുന്നതിനും മറ്റുള്ളവരോട് ഇടപെടുന്നതിനും ഈ ചിരി സഹായകരമാകും. ഒരു തമാശ സിനിമ കാണുന്നതോ മറ്റുള്ളവരുമായി തമാശ പങ്കുവെക്കുന്നതോ യോഗ ചെയ്യുന്നതോ ഒക്കെ മനസ്സിനെയും ശരീരത്തെയും സന്തോഷിപ്പിച്ച് നിർത്തും.
മനസ്സമ്മർദങ്ങളെ നേരിടാൻ പഠിക്കണം. സംഘർഷത്തെ എങ്ങനെ നേരിടുന്നുവെന്നത് നിങ്ങളുടെ ആരോഗ്യത്തിൽ നിർണായകമാണ്. ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടാത്തവരായി ആരുമില്ല. അതിനെ എങ്ങനെ മറികടക്കുന്നു എന്നതാണ് പ്രധാനം. സമചിത്തതയോടെ കാര്യങ്ങൾ കാണുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും. ജീവിതശൈലിയിലും അത്തരമൊരു സന്തുലിതാവസ്ഥ കൊണ്ടുവരണം.
ജീവതത്തിൽ ഓരോ കാര്യങ്ങളോടുമുള്ള സമീപനത്തിൽ ഗണ്യമായ മാറ്റം കൊണ്ടുവരണം. സമയം ഏറെ വിലപ്പെട്ടതാണെന്ന ചിന്ത ഉറയ്ക്കണം. ഊർജം ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുക. പരിപൂർണത എന്നൊന്നില്ലെന്ന് കരുതുക. എല്ലാം പെർഫെക്ടാകാൻ ശ്രമിക്കുന്നതിന് പകരം ആവശ്യമായ തരത്തിൽ പൂർത്തിയാക്കുവാൻ ശ്രമിക്കുക.
ഇടയ്ക്കിടെ കുട്ടികളാവുന്നത് ജീവിതത്തിൽ നല്ലതാണ്. കൗതുകമുള്ള കാഴ്ചകൾ കണ്ടുനിൽക്കുന്നതും പുതിയ പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും നല്ലതാണ്. തനിക്ക് പ്രായമായി എന്ന ചിന്തയിൽനിന്ന് ഇത്തരം കാര്യങ്ങൾ മോചനം നൽകും.
നന്നായി ഉറങ്ങുക. ഉറക്കം മാനസിക സന്തോഷത്തിൽ പരമപ്രധാനമായ കാര്യമാണ്. സ്ഥിരമായി ഒരു ടൈംടേബിൾ ഉറക്കിന് ഉണ്ടാകുന്നത് നല്ലതാണ്. ഉറക്കം ശരീരത്തെയും മനസ്സിനെയും ശാന്തമാക്കും. മറ്റുകാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ ശാന്തമായിരിക്കാൻ ദിവസവും കുറച്ച് സമയം കണ്ടെത്തുക.
തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ഇടയ്ക്ക് ചിന്തിക്കുക. നാം കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ശ്വസിക്കുന്ന വായുവും എങ്ങനെയുള്ളതാണെന്ന് ആലോചിക്കുക. ഭൂതകാലത്തെക്കുറിച്ച് ആലോചിക്കുന്നതിലും ഭാവിയെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുന്നതിലും നല്ലതാണ് വർത്തമാനകാലത്തിൽ സന്തോഷമായി ജീവിക്കുകയെന്നത്. ഈ നിമിഷം താൻ എവിടെനിൽക്കുന്നു എന്നതാകട്ടെ പ്രധാന ചിന്ത.
നമുക്കെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നിയാൽ അത് തുറന്നു പറയുക. മറ്റുള്ളവരുടെ സഹായം തേടുക. അത് പങ്കാളിയോടാകാം സുഹൃത്തുക്കളോടാകാം അല്ലെങ്കിൽ ഡോക്ടറോടോ ഒരു കൗൺസലറോടോ ആകാം. പ്രശ്‌നങ്ങൾ ഉള്ളിലടക്കി നടക്കാതിരിക്കുക. പ്രശ്‌നങ്ങളില്ലാത്ത ജീവിതം ആർക്കുമില്ലെന്ന് കരുതുക. അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് ജീവിതത്തെ സന്തോഷമാക്കി നിർത്തുന്നത്.