മുംബൈ: റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ കഥ കേട്ടിട്ടില്ലേ..? അതുമായാണ് ഫോട്ടോ ട്വിറ്ററിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് ബിജെപി എംപിയായ ഹേമമാലിനിയെ നീറോ ചക്രവർത്തിയോട് താരതമ്യം ചെയ്തുകൊണ്ടായിരുന്നു പലരും രംഗത്തെത്തിയത്. ഇതിന് കാരണം ഉത്തർ പ്രദേശിലെ മഥുര നഗരം കലാപ ബാധിതമായപ്പോഴാണ് സ്ഥലത്തെ ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമ മാലിനി തന്റെ ചിത്രങ്ങൾ നവമാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതെന്നതായിരുന്നു.

കലാപം നടക്കുന്ന സമയത്ത് ഹേമ മാലിനി ട്വിറ്ററിൽ സജീവമായിരുന്നു.എന്നാൽ സംഭവം വിവാദമായതോടെ ഹേമ മാലിനി ചിത്രങ്ങൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. മഥുരയിൽ നടന്ന സംഭവങ്ങളിൽ താൻ അസ്വസ്ഥയാണെന്നും ജനങ്ങൾ ശാന്തരായിരിക്കണമെന്നും സംഘർഷത്തിലേക്ക് പോകരുതെന്നും അവർ പിന്നീട് ട്വീറ്റ് ചെയ്തു.

തനിക്കേറ്റവും പ്രിയപ്പെട്ട നഗരത്തിൽ നിന്ന് ഇത്തരമൊരു വാർത്ത വന്നതിൽ താൻ ദുഃഖിതയാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും അവർ ട്വിറ്ററിൽ പറയുന്നു. മഥുരയിലെ സർക്കാർ ഭൂമിയിൽ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ എസ്‌പിയും എസ്.ഐയും കോൺസ്റ്റബിളുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്.

ചിത്രങ്ങൾ വിവാദമായെങ്കിലും ഹേമമാലിനിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. ട്വീറ്റുകൾ കുഴപ്പമില്ലെന്നും പ്രധാന വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കരുതെന്നും ബിജെപി വക്താവ് സാംപിത് പാത്ര പറഞ്ഞു. മാത്രമല്ല, ഹേമമാലിനി മഥുര ഉടൻ സന്ദർശിക്കുമെന്നും പാത്ര കൂട്ടിച്ചേർത്തു.