ലണ്ടൻ: ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ ഒരു വകഭേദംജ് ബാധിച്ചതിനെ തുടർന്ന് ബ്രിട്ടനിൽ രണ്ടു കുട്ടികൾക്ക് കൂടി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അത്യാവശ്യമായി വന്നിരിക്കുകയാണ്. പത്ത് കുട്ടികൾ ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മറ്റ് 114 കുട്ടികളെ കൂടി ഈ വിചിത്രമായ രോഗം ബാധിച്ചിട്ടുണ്ട്. അമേരിക്ക, അയർലൻഡ്, സ്പെയിൻ എന്നിവ ഉൾപ്പടെ 12 രാജ്യങ്ങളിൽ കുട്ടികൾക്കിടയിൽ കണ്ടെത്തിയ ഈ ദുരൂഹ രോഗത്തെ കുറിച്ച് മാതാപിതാക്കൾ കരുതലെടുക്കണമെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

അധികവും 5 വയസ്സിൽ താഴെയുള്ള കുട്ടികളേയാണ് ഇത് ബാധിക്കുന്നത്. അതിസാരവും ഛർദ്ദിയുമായിരിക്കും ആദ്യം ഉണ്ടാവുക. പിന്നീട് അത് മഞ്ഞപ്പിത്തമായി മാറും. ത്വക്കും കണ്ണുകളും മഞ്ഞ നിറമുള്ളതാകുക, മൂത്രത്തിന് കടുത്ത നിറം വരിക, ചൊറിച്ചിൽ, പേശീ വേദന പനി, വയറു വേദന, വിശപ്പില്ലായ്മ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിലേതെങ്കിലും ലക്ഷണം കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് യു കെ ഏജൻസിയിലെ ക്ലിനിക്കൽ ആൻഡ് എമേർജിങ് ഇൻഫെക്ഷൻസ് വിഭാഗം ഡയറക്ടർ ഡോ. മീര ചാന്ദ് ആവശ്യപ്പെട്ടു.

ഈ പുതിയ രോഗത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ജലദോഷം, തുമ്മൽ പോലുള്ളവയ്ക്ക് കാരണമാകുന്ന അഡെനൊവൈറസ് പോലുള്ള ഒരു വൈറസാണ് ഇതിന്റെ രോഗകാരി എന്നാണ് പ്രാഥമിക നിഗമനം. ലോക്ക്ഡൗൺ കാലത്തെ ജീവിതം കുട്ടികളിൽ സ്വാഭാവിക പ്രതിരോധശേഷി കുറച്ചിട്ടുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞ അനുമാനിക്കുന്നത്. അതുകൊണ്ടായിരിക്കാം ഇത് കുട്ടികളെ ഏറെ ബാധിക്കുന്നത്. കരളിനെ ബാധിക്കുന്ന രോഗമായതിനാൽ ഇത് മരണകാരണവും ആകാം. മറ്റൊരു കൂട്ടർ ഇതിനെ ഒരു പുതിയ കോവിഡ് വകഭേദമായിട്ടാണ് കാണുന്നത്. അതല്ല, കോവിഡിനൊപ്പം അഡെനൊ വൈറസും ബാധിക്കുന്നതാണെന്നും അഭിപ്രായമുണ്ട്.

കോവിഡ് വാക്സിന്റെ പാർശ്വഫലമാകാം എന്നൊരു അഭ്യുഹം ഉണ്ടായിരുന്നെങ്കിലും അധികൃതർ അത് പാടെ നിഷേധിച്ചിരിക്കുകയണ്. ഇത് ബാധിച്ച കുട്ടികൾ ആരും തന്നെ ബ്രിട്ടനിൽ വാക്സിൻ അനുവദനീയമായ പ്രായത്തിലുള്ള കുട്ടികളല്ല. അതുകൊണ്ടു തന്നെ അവർക്ക് വാക്സിൻ നൽകിയിട്ടുമില്ല. മാർച്ച് വസാനം സ്‌കോട്ട്ലാൻഡിൽ ഈ അജ്ഞാത രോഗത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 170 കേസുകളാണ്.

അസുഖം ബാധിച്ച 99 ശതമാനം പേരിലും മരുന്നുകൾ കൊണ്ടു തന്നെ കരളിനെ പുനപ്രവർത്തനത്തിന് സജ്ജമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കർൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മരണവുമെല്ലാം അപൂർവ്വമാണെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നത്. അതുകൊണ്ടു തന്നെ സമയത്ത് ചികിത്സിച്ചാൽ ഭേദമാകുന്ന രോഗം മാത്രമാണിതെന്നും അവർ പറയുന്നു. ലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയാൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടിയാൽ ഭയക്കേണ്ടതില്ല എന്നും അവർ പറയുന്നു.