ലോകം കണ്ട ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാണ് എയ്ഡ്‌സ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിനെക്കാൾ മാരകമായ അസുഖങ്ങളിലൊന്ന് നമ്മുടെ ചുറ്റുവട്ടത്തുണ്ടെന്ന് എത്രപേർക്കറിയാം. കരളിനെ കാർന്നുതിന്നുന്ന ഹെപ്പറ്റൈറ്റിസ് എച്ച്.ഐ.വിയെക്കാൾ മരണകാരണമാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഹെപ്പറ്റൈറ്റിസ് ബാധമൂലമുള്ള മരണ സംഖ്യ 63 ശതമാനത്തോളം വർധിച്ചുവെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അഞ്ച് വിവിധ തരം ഹെപ്പറ്റൈറ്റിസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിവയാണത്. ഇവയെല്ലാം അപകടകാരികളാണ്. ഹെപ്പറ്റൈറ്റിസ് എയും ഇയും ജലത്തിലൂടെയാണ് പകരുന്നത്. ബി,സി,ഡി എന്നിവ ശരീരത്തിലെ വിവിസ ശ്രവങ്ങളിലൂടെയും. സിറിഞ്ചുകൾ, സൂചികൾ, ടൂത്ത് ബ്രഷ്, റേസറുകൾ തുടങ്ങിയവ മാറി ഉപയോഗിക്കുന്നതിലൂടെ ഈ ഹെപ്പറ്റൈറ്റിസുകൾ പകരാം.

താരതമ്യേന അപകടം കുറഞ്ഞ ഹെപ്പറ്റൈറ്റിസ് എയും ഇയും ആറുമാസത്തിൽക്കൂടുൽ ദീർഘിക്കാറില്ല. എന്നാൽ ഇക്കാലയളവിൽ മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ അത് മരണ കാരണമാകാം. ബി, സി, ഡി എന്നിവ കടുത്ത കരൾ രോഗത്തിന് കാരണമായി മാറാം. സിറോസിസോ കരളിന് ക്യാൻസറോ ഇതിന്റെ അനന്തര ഫലമായി ഉണ്ടാകാമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി ഉള്ളാൾക്കുമാത്രമേ ഹെപ്പറ്റൈറ്റിസ് ഡി ബാധിക്കുകയുള്ളൂ.

കഴിഞ്ഞ 20 വർഷത്തിനിടെ ഹെപ്പറ്റൈറ്റിസ് ബാധിച്ചുള്ള മരണ സംഖ്യയിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാരുകൾ തയ്യാറാകുന്നുമില്ല. അഞ്ച് ഹെപ്പറ്റൈറ്റിസുകളിൽ ബി, സി, ഡി എന്നിവയ്ക്ക് മരുന്നുപോലുമി. ഇന്ത്യയിൽ 1.2 കോടിയിലേറെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചിട്ടുള്ളവരിൽ 95 ശതമാനവും തങ്ങൾക്ക് ഇങ്ങനെയൊരു അസുഖമുണ്ടെന്ന ധാരണയില്ലാതെയാണ് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഏറെക്കാലത്തേയ്ക്ക ലക്ഷണങ്ങളൊന്നും വെളിപ്പെടാത്തതിനാൽ രോഗം തിരിച്ചറിയാനുള്ള സാധ്യതയും കുറയുന്നു. പനി, വിശപ്പില്ലായ്മ, ഛർദി, അടിവയറ്റിൽ വേദന, മഞ്ഞപ്പിത്തം, മൂത്രത്തിലെ നിറംമാറ്റം തുടങ്ങിയവയാണ് രോഗം മൂർഛിച്ചുഴിഞ്ഞാലുള്ള ലക്ഷ്ണങ്ങൾ.