- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം അന്വേഷിക്കുന്ന ആ ഭാഗ്യവാൻ ഇവിടെയുണ്ട്; മരണം പിന്നിൽ കൂടി പാഞ്ഞു വന്നിട്ടും ദൈവത്തിന്റെ അത്ഭുത കരങ്ങൾ ചേർത്ത് നിർത്തി സംരക്ഷിച്ചത് നിർമ്മാണ തൊളിലാളിയായ ശ്രീകുമാറിനെ; ഇപ്പോഴും ഞെട്ടൽ മാറാതെ വൈറൽ വീഡിയോയിലെ നായകൻ
രണ്ടു ദിവസമായി മലയാളികൾ എല്ലാം തിരഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായ മനുഷ്യനെയാണ്. മരണം പിന്നിൽ കൂടി പാഞ്ഞു വന്നിട്ടും ദൈവത്തിന്റെ അത്ഭുത കരങ്ങൾ ചേർത്ത് നിർത്തി സംരക്ഷിച്ച ചവറയിലെ ആ മനുഷ്യന് ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. കൊല്ലം ചവറ തട്ടാശേരി വിജയ ഹോട്ടലിന് സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട വാൻ ഇടിക്കാതെ രക്ഷപെട്ട ആ ഭാഗ്യവാൻ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതിൽ ശ്രീകുമാർ എന്ന 55കാരനാണ്.
'ഒരു മിന്നലുപോലെ ആ വണ്ടി പോയി. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായതേയില്ല. ഞെട്ടൽ മാറിയപ്പോൾ തിരിച്ച് ഓടി. അര മണിക്കൂർ നേരത്തേക്ക് ഇരുന്നുപോയി. പിന്നെയാണ് സ്ഥലകാല ബോധം വന്നത്'- ശ്രീകുമാർ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ, തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ കാൽനടക്കാരനായ ആ ഭാഗ്യവനാണ് ശ്രീകുമാർ. വഴിയെ നടന്നുപോകുമ്പോൾ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പാഞ്ഞുപോയ വാനിടിക്കാതെ രക്ഷപ്പെട്ട ഇയാളെ തേടുകയായിരുന്നു കേരളം ഇന്നലെ. തമിഴ്നാട് മധുര സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ ശ്രീകുമാറിെൻറ തൊട്ടരികിലൂടെ വാൻ നിയന്ത്രണം വിട്ട് പാഞ്ഞുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊല്ലം ചവറ തട്ടാശേരി വിജയ ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യമാണ് പ്രചരിച്ചത്.
സംഭവം ഇങ്ങനെ:
വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയിലൊരു സഞ്ചിയും മുഴക്കോവുമായി ശങ്കരമംഗലം ഭാഗത്തേക്ക് ഓരം ചേർന്ന് നടന്നു പോവുകയായിരുന്നു ശ്രീകുമാർ. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.
ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ ശ്രീകുമാറിന് മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്. അതോ പോയതോ! തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപ നേരം പ്രാർത്ഥനാ നിരതനായശേഷം അയാൾ വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് മറിയാതെ അദ്ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം.
കുറച്ചു മുന്നോട്ട് പോയശേഷം നിർത്തിയ വാനിൽ നിന്നു പൊലീസെത്തി രണ്ടു പേരെ പുറത്തിറക്കി സ്റ്റേഷനിലെത്തിച്ചു. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു. മരണം മുന്നിൽക്കണ്ട ശ്രീകുമാർ ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വിഡിയോ കണ്ടപ്പോളാണ് താൻ രക്ഷപ്പെട്ടതെങ്ങിനെയെന്ന് മനസ്സിലായത്.
മറുനാടന് മലയാളി ബ്യൂറോ